ഷാരൂഖ് ഖാനെയും രജനീകാന്തിനെയും കടത്തിവെട്ടി ഈ നായിക; ഒരു ദശാബ്ദത്തിനിടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരം
ബോളിവുഡ് സിനിമാ ലോകം പലപ്പോഴും പുരുഷ താരങ്ങളാല്‍ കേന്ദ്രീകൃതമാണ്. മികച്ച കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നത് പോലും സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടിയാണ്. പലപ്പോഴും ശ്രീദേവിയോ ഹേമമാലിനിയോ പോലുള്ള നായികമാരാണ് ഇതിനൊരു അപവാദമായി പണ്ട് ബോളിവുഡില്‍ നിലനിന്നിരുന്നത്. എന്നാല്‍ സമീപകാലത്ത് ഓണ്‍ലൈന്‍ ജനപ്രീതിയില്‍ പുരുഷതാരങ്ങളെ കടത്തിവെട്ടിയിരിക്കുന്നത് വനിതാ താരങ്ങളാണ്. ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസ് (ഐഎംഡിബി) റിപ്പോര്‍ട്ടിലാണ് ഒരു വനിതാ താരം മുന്നിലെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയുടെ 25 വര്‍ഷത്തെ റിപ്പോര്‍ട്ട് ആണ് ഐഎംഡിബി പുറത്തിറക്കിയിരിക്കുന്നത്. 2000 മുതല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ട്രെന്‍ഡുകളാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ തിരഞ്ഞ സെലിബ്രിറ്റികളെയും സിനിമകളെയും ഒക്കെ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഐഎംഡിബി സന്ദര്‍ശിക്കുന്ന ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരുടെ പേജ് വ്യൂ ആണ് താരങ്ങളുടെ റാങ്കിങ്ങുകള്‍ നിര്‍ണയിക്കുന്നത്. സമീപ കാലത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഷാരൂഖാനെയും രജനീകാന്തിനെയും പ്രഭാസിനെയും ഒക്കെ കടത്തിവെട്ടി ഒരു വനിതാ ബോളിവുഡ് താരമാണ് പട്ടികയില്‍ ഒന്നാമത് എത്തിയത്. ദീപിക പദുകോണ്‍ ആണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്തും ഐശ്വര്യ റായ് മൂന്നാം സ്ഥാനത്തുമാണുള്ളത്. ആലിയ ഭട്ടാണ് നാലാം സ്ഥാനത്ത്.
ആമിര്‍ ഖാന്‍ (6), സല്‍മാന്‍ ഖാന്‍ (8), ഹിതിക് റോഷന്‍ (9), അക്ഷയ് കുമാര്‍ (10) തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളും ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. പ്രഭാസ് 29-ാം സ്ഥാനത്തും ധനുഷ് 30-ാം സ്ഥാനത്തുമാണുള്ളത്.
ഐഎംഡിബിയിലെ ഏറ്റവും ജനപ്രിയമായ ചിത്രങ്ങളുടെ പട്ടികയില്‍ ദീപികയുടെ 10 ചിത്രങ്ങളുണ്ട്. അടുത്തിടെ ചില വിവാദ നിലപാടുകളിലൂടെയും ദീപിക വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതേതുടര്‍ന്ന് രണ്ട് പ്രമുഖ പാന്‍-ഇന്ത്യ പദ്ധതികളില്‍ നിന്നാണ് താരം പിന്‍വാങ്ങിയത്. അടുത്തകാലത്ത് അമ്മയായതിനാല്‍ എട്ടു മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ടതാണ് നിര്‍മാതാക്കളുമായി തെറ്റിപ്പിരിയാന്‍ കാരണം. സ്പിരിറ്റ്, കല്‍ക്കി 2898 എഡി പാര്‍ട്ട് 2 തുടങ്ങിയ വമ്പന്‍ പ്രോജക്ടുകളില്‍ നിന്നാണ് ദീപിക പിന്മാറിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ദീപിക ആദ്യ കണ്‍മണിയായ പെണ്‍കുഞ്ഞിനെ സ്വാഗതം ചെയ്തത്. ഇതേതുടര്‍ന്ന് സിനിമകള്‍ കുറച്ച താരം സിനിമകളില്‍ അഭിനയിക്കാന്‍ നിരവധി നിബന്ധനകളും മുന്നോട്ടുവച്ചിരുന്നു.
നിലവില്‍ രണ്ട് പ്രധാന പ്രോജക്ടുകളുടെ ഭാഗമാണ് താരം. അല്ലു അര്‍ജുന്‍ നായകനാകുന്ന അറ്റ്‌ലി ചിത്രത്തിലാണ് ദീപിക അഭിനയിക്കുന്നത്. തുടര്‍ന്ന് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലും സഹകരിക്കും. അടുത്ത വര്‍ഷമാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications