പെട്രോളിനും ഡീസലിനും രണ്ടാമതും വില കൂട്ടി ഈ സംസ്ഥാനം; പുതിയ നിരക്ക് ഇങ്ങനെ
അമൃത്സര്‍: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഇന്ധനത്തിന്റെ വാറ്റ് ആണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് പെട്രോളിന് 92 പൈസയുടേയും ഡീസലിന് 88 പൈസയുടേയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ നിലവില്‍ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.65 രൂപയും ഡീസല്‍ വില ചണ്ഡിഗഡില്‍ 105.24 രൂപയുമായി മാറി. ചണ്ഡീഗഡില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 96.20 രൂപയും ഡീസലിന് 84.26 രൂപയുമാണ്.
പുതിയ വില പരിഷ്‌കാരത്തോടെ ഇന്ധന വില്‍പനയില്‍ നിന്ന് പ്രതിവര്‍ഷം 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് പഞ്ചാബിന്റെ പ്രതീക്ഷ. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇത് രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 90 പൈസ വാറ്റ് ചുമത്തിയിരുന്നു. പ്രതിവര്‍ഷം 300 കോടി രൂപ അധിക വരുമാനം നേടുന്നതിനായിരുന്നു ഇത്.

അതിനിടെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില സ്ഥിരമായി തുടരുകയും എണ്ണ കമ്പനികള്‍ക്ക് അടുത്ത പാദത്തില്‍ ലാഭമുണ്ടാക്കാനും സാധിച്ചാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്താന്‍ തനിക്ക് കഴിയില്ലെന്നും പെട്രോളിയം മന്ത്രി കൂട്ടിച്ചേര്‍ത്തു.
എണ്ണക്കമ്പനികളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികള്‍ അവരുടെ നഷ്ടങ്ങള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. അതിനാല്‍ നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22 മുതല്‍ എണ്ണവിലയില്‍ വര്‍ധനവൊന്നും വരുത്തിയിട്ടില്ലെന്നും ഹര്‍ദീപ് സിംഗ് പുരി കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോകത്തെ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ജൂലൈ മുതല്‍ കൂടുതല്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചേക്കും എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടാക്കാന്‍ സാധ്യതയില്ലെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിപണിയില്‍ അസംസ്‌കൃത എണ്ണ വിതരണത്തില്‍ കുറവില്ല എന്നാണ് ഒപെകുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.72 രൂപയും ഡീസല്‍ വില 89.62 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ വില ഒരു ലിറ്ററിന് 106.31 രൂപയും ഡീസല്‍ ലിറ്ററിന് 94.27 രൂപയുമാണ്. ചരക്ക് ചാര്‍ജ്, വാറ്റ്, പ്രാദേശിക നികുതികള്‍ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാകുന്നത്.












Click it and Unblock the Notifications