ഈ സംസ്ഥാനത്തുള്ളവര്‍ക്ക് ആദായനികുതിയില്ല; പാന്‍കാര്‍ഡ് വേണ്ട... ഇന്ത്യയിലെ ടാക്‌സ് ഹെവന്‍
ന്യൂഡല്‍ഹി: ഒരു സാമ്പത്തിക വര്‍ഷം അവസാനിച്ച് പുതിയ വര്‍ഷം ആരംഭിച്ചിരിക്കുകയാണ് ഇന്ന്. ആദായ നികുതി നല്‍കുന്നവര്‍ പുതിയ കണക്കുകൂട്ടലുകളിലാണ്. അവിടെയാണ് വ്യത്യസ്തമായ ചില വിവരങ്ങള്‍ കൗതുകമാകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുള്ളവര്‍ക്ക് ആദായ നികുതി ആവശ്യമേയില്ല. പാന്‍കാര്‍ഡ് പോലും വേണ്ട. സാമ്പത്തികമായി യാതൊരു വെല്ലുവിളിയും ഇവിടെയുള്ളവര്‍ നേരിടുന്നുമില്ല.
വടക്ക് കിഴക്കുള്ള സിക്കിം ആണ് ഈ സംസ്ഥാനം. ആദായ നികുതി കൊടുക്കുന്നതില്‍ നിന്ന് ഇവിടെയുള്ളര്‍ക്ക് ഇളവുണ്ട്. രാജ്യത്ത് അപൂര്‍വമായ ഇളവാണിത്. സ്വാതന്ത്ര്യം കിട്ടയതിന് ശേഷം ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശമാണ് സിക്കിം. നേപ്പാള്‍, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങളുമായും പശ്ചിമ ബംഗാളുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം കൂടിയാണ് സിക്കിം. 1948ല്‍ തയ്യാറാക്കിയ സ്വന്തമായ നികുതി നിയമം ആണ് സിക്കിം ഇപ്പോഴും പിന്തുടരുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 (എഫ്) പ്രകാരം പ്രത്യേക പദവിയുള്ള സംസ്ഥാനമാണ് സിക്കിം. 1975ലാണ് സിക്കിം ഇന്ത്യയില്‍ ലയിച്ചത്. എങ്കിലും 1948ലെ നികുതി നിയമമാണ് ഇവര്‍ പിന്തുടരുന്നത്. 2008ല്‍ സിക്കിം നികുതി നിയമം അന്നത്തെ കേന്ദ്ര ബജറ്റില്‍ റദ്ദാക്കിയിരുന്നു. പക്ഷേ, സിക്കിമിലുള്ളവര്‍ക്ക് ആദായ നികുതി നല്‍കുന്നതിലുള്ള ഇളവിന് പ്രത്യേക വകുപ്പ് ഏര്‍പ്പെടുത്തി. സെക്ഷന്‍ 10 (26എഎഎ) പ്രകാരമാണ് ആദായ നികുതി ഇളവ്. ഈ വകുപ്പിന്റെ കാലാവധി കഴിഞ്ഞ മാസം ധനബില്ലില്‍ നീട്ടിയിട്ടുണ്ട്.
സിക്കിമിലുള്ളവര്‍ക്ക് ഏത് മാര്‍ഗത്തിലൂടെ ലഭിക്കുന്ന വരുമാനത്തിനും ആദായ നികുതി ഒടുക്കേണ്ടതില്ല. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടപെടുമ്പോള്‍ ഇവര്‍ക്ക് പാന്‍കാര്‍ഡ് ആവശ്യവുമില്ല. സെബിയുടെ മ്യൂച്ചല്‍ ഫണ്ടുകളിലും ഇടപെടുന്നതിന് ഇവര്‍ക്ക് തടസമില്ല. അതേസമയം, സിക്കിമിലേക്ക് കുടയേറിയവര്‍ക്ക് ഈ ഇളവ് ലഭിച്ചിരുന്നില്ല. 1975ന് മുമ്പ് സിക്കിമില്‍ താമസം തുടങ്ങിയവര്‍ക്ക് ഇളവ് വേണം എന്ന ആവശ്യം അസോസിയേഷന്‍ ഓഫ് ഓള്‍ഡ് സെറ്റ്‌ലേഴ്‌സ് സിക്കിം ഉന്നയിച്ചിരുന്നു.
സുപ്രീംകോടതിയില്‍ ഈ ആവശ്യവുമായി സംഘടന ഹര്‍ജി സമര്‍പ്പിച്ചു. ഇവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. അതേസമയം, സിക്കിം ജനതയ്ക്ക് നല്‍കുന്ന ഇളവ് ചിലര്‍ ദുരുപയോഗം ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ബിനാമി ഇടപാടുകള്‍ നടക്കുന്നു എന്നായിരുന്നു വാര്‍ത്തയുടെ ചുരുക്കം. ഒട്ടേറെ പ്രകൃതി രമണീയമായ സ്ഥലങ്ങളുള്ള സിക്കിം രാജ്യത്തിന്റെ തന്ത്രപ്രധാന സംസ്ഥാനം കൂടിയാണ്.

ഇന്ത്യയിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനമാണ് സിക്കിം. ഈ ഹിമാലയന്‍ സംസ്ഥാനത്ത് ആറര ലക്ഷം മാത്രമാണ് താമസക്കാര്‍. 17ാം നൂറ്റാണ്ടിലാണ് സിക്കിം സാമ്രാജ്യം സ്ഥാപിതമായത്. 1900ത്തിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി. രാജ്യം സ്വാതന്ത്ര്യമായപ്പോള്‍ ഇന്ത്യയില്‍ ചേര്‍ന്നില്ല. സംരക്ഷിത പ്രദേശമായി നിലകൊണ്ടു. പ്രക്ഷോഭം തുടങ്ങിയതോടെ ഇന്ത്യന്‍ സൈന്യം ഇടപെടുകയും 1975ല്‍ ഇന്ത്യയില്‍ ലയിപ്പിക്കുകയും ചെയ്തു.
എങ്കിലും പ്രത്യേക പദവി നല്‍കിയാണ് സിക്കിം നിലനില്‍ക്കുന്നത്. ഇന്ത്യയുടെ ടാക്‌സ് ഹെവന്‍ എന്ന വിളിപ്പേര് കൂടിയുണ്ട് സിക്കിമിന്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ല ഈ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് സിക്കിം. പണത്തിന്റെ സ്രോതസ് കാണിക്കാതെ സിക്കിമില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. 2016ലെ നോട്ട് നിരോധന കാലത്ത് ഈ പഴുത് ചിലര്‍ ദുരുപയോഗം ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.












Click it and Unblock the Notifications