'നെഹ്രു ഉറങ്ങിയപ്പോൾ ചൈന ഭൂമി പിടിച്ചെടുത്തു, ഇത് നെഹ്രുവിന്റെ ഇന്ത്യയല്ല', രാഹുലിന് മറുപടിയുമായി ബിജെപി
ദില്ലി: ചൈന ഉയര്‍ത്തുന്ന യുദ്ധ ഭീഷണി കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് എന്നുളള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി. സൈന്യത്തെ മാനസികമായി തളര്‍ത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് എന്ന് ബിജെപി കുറ്റപ്പെടുത്തി. ''ചൈനയുമായി അടുപ്പത്തിലാകണം എന്നാണ് രാഹുല്‍ ഗാന്ധിക്ക് തോന്നുന്നത്. ചൈന എന്ത് ചെയ്യും എന്ന് കൃത്യമായി അറിയാവുന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആ അടുപ്പം വളര്‍ന്നിരിക്കുന്നു'', ബിജെപിയുടെ ദേശീയ വക്താവ് ആയ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പ്രതികരിച്ചു.
''ഭാരത് ജോഡോ യാത്രയ്ക്കിടെ രാജ്യസുരക്ഷയെ കുറിച്ചും അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചും രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇന്ത്യന്‍ സൈനികരെ മാനസികമായി തളര്‍ത്താനും ഉദ്ദേശിച്ചുളളവയാണ്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ചൈന ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്തത് 37,242 സ്‌ക്വയര്‍ കിലോ മീറ്റര്‍ പ്രദേശമാണ്. ഇത് നെഹ്രുവിന്റെ ഇന്ത്യയല്ല'', രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ദില്ലിയില്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ സൂചിപ്പിച്ച് കൊണ്ടായിരുന്നു റാത്തോഡിന്റെ മറുപടി.

തന്നെ റീലോഞ്ച് ചെയ്യാനുളള പരിശ്രമങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി ദേശീയ സുരക്ഷ സംബന്ധിച്ച് നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കരുത് എന്നും റാത്തോഡ് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുളള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ആരോപിച്ചു.
കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ നിരവധി തവണയാണ് ചൈന കടന്നുകയറ്റങ്ങള്‍ നടത്തിയിട്ടുളളത് എന്ന് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ റാത്തോഡ് കുറ്റപ്പെടുത്തി. എന്നാല്‍ 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മൂന്നിരട്ടി ചിലവാണ് വഹിച്ചത്. രാജ്യം ഇപ്പോള്‍ അതിന്റെ അതിര്‍ത്തിയും ഭൂമിയും അതിശക്തമായി തന്നെ സംരക്ഷിക്കുകയാണ് എന്നും രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിക്ക് പിറകേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ചൈന വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ എപ്പോഴാണ് ചൈന വിഷയം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് എന്ന് ഖാര്‍ഗെ ചോദിച്ചു. രാജ്യസഭാ ചെയര്‍മാന്‍ അനുമതി നല്‍കിയിട്ടും അരുണാചല്‍ പ്രദേശിലെ തവാംഗിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് സഭയില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു.. ദോക്ലാമില്‍ ജംപേരി റിഡ്ജ് വരെ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള വാതിലായ ഇന്ത്യയുടെ സിലിഗുരി നയതന്ത്ര ഇടനാഴിക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്. ഇത് നമ്മുടെ ദേശീയ സുരക്ഷ സംഭന്ധിച്ച് ഏറെ ഗൗരവകരമായ വിഷയമാണ്. നരേന്ദ്ര മോദി ജീ, എപ്പോഴാണ് രാജ്യം ചൈനയെ കുറിച്ച് ചര്‍ച്ച നടത്തുന്നത്, ഖാര്‍ഗെ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications