യോഗിയ്ക്ക് ഗൊരഖ്പൂര്‍ സീറ്റ് നല്‍കിയതിന് കാരണം ഇതാണ്; ആരോപണവുമായി പ്രിയങ്ക
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപിയ്ക്കുമെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗൊരഖ്പൂരില്‍ നിന്ന് യോഗി ആദിത്യനാഥിനെ മത്സരിപ്പിക്കാനുള്ള ബി ജെ പിയുടെ നീക്കം അദ്ദേഹത്തെ ഒതുക്കാനുള്ള ശ്രമമാണെന്ന് പ്രിയങ്ക പറഞ്ഞു. ബി ജെ പി പോലുള്ള ഏകാധിപത്യ സ്വഭാവമുള്ള സംഘടനയില്‍ ഒരു പരമോന്നത നേതാവ് മാത്രമെ ഉണ്ടാകൂവെന്നും അവര്‍ പറഞ്ഞു. നേരത്തെ അയോധ്യയില്‍ നിന്ന് യോഗി ആദിത്യനാഥ് ജനവിധി തേടുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഗൊരഖ്പൂരായിരിക്കും യോഗിയുടെ മണ്ഡലമെന്ന് ജനുവരി 15 നാണ് ബി ജെ പി പ്രഖ്യാപിച്ചത്.
കുറച്ചുകാലമായി യോഗിയെ ഒതുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കുള്ളിലെ ഉന്തും തള്ളും ഇപ്പോള്‍ പരസ്യമായി വെളിപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അവരുടേത് പോലെയുള്ള ഒരു സ്വേച്ഛാധിപത്യ സംവിധാനത്തില്‍ ഒരു പരമോന്നത നേതാവ് മാത്രമേ ഉണ്ടാകൂവെന്നും പ്രിയങ്ക പറഞ്ഞു. ഗൊരഖ്പൂരില്‍ യോഗിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് അയോധ്യയിലും മഥുരയിലുമായിരിക്കും യോഗി മത്സരിക്കുക എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം യോഗി സര്‍ക്കാരിന്റെ കൊവിഡ് മാനേജ്‌മെന്റിനേയും പ്രിയങ്ക വിമര്‍ശിച്ചു. ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിലും അവര്‍ക്ക് ആരോഗ്യ സൗകര്യങ്ങള്‍, ഓക്‌സിജന്‍, മരുന്ന്, ആശുപത്രി കിടക്കകള്‍ എന്നിവ നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ആരോപിച്ചു. മറ്റുള്ളവരെ സഹായിക്കാന്‍ ജീവന്‍ പണയപ്പെടുത്തി ആശാ വര്‍ക്കര്‍മാരും ഡോക്ടര്‍മാരും നഴ്‌സുമാരും രംഗത്തിറങ്ങിയപ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനു പകരം സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബി ജെ പി സര്‍ക്കാര്‍ ജീവന്‍ രക്ഷിക്കുന്നതിന് പകരം സത്യം മൂടിവയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആളുകള്‍ ദുരന്തങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുകയാണ്. എന്നിരുന്നാലും, ഒരു സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയാകണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും.

നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
Recommended Video

2017 ല്‍ ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ് ബി എസ് പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ് പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ് പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആര്‍ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രര്‍ 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications