1880 ല്‍ പാരീസില്‍ നായ്ക്കളെ കൊന്നപ്പോള്‍ സംഭവിച്ചത് ഇതാണ്: എതിര്‍പ്പുമായി മനേക ഗാന്ധി
ഡല്‍ഹി: രാജ്യ തലസ്ഥാനത്തെ റോഡുകളില്‍ നിന്ന് തെരുവു നായ്ക്കളെ നീക്കം ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവില്‍ എതിര്‍വാദവുമായി മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. സുപ്രീം കോടതി ഉത്തരവ് അപ്രായോഗികവും സാമ്പത്തികമായി ഭാരമുള്ളതുമാണെന്നും മനേക ഗാന്ധി വിമര്‍ശിച്ചു. ഇതു നടപ്പാക്കിയാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
തെരുവ് നായ്ക്കളെ അടിയന്തരമായി പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റാനാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടത്. ഡല്‍ഹി സര്‍ക്കാരിനോടും നഗരസഭകളോടുമായിരുന്നു നിര്‍ദേശം. ഇതു തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സുപ്രീം കോടതി വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴാണ് എതിര്‍പ്പുമായി മനേക ഗാന്ധി രംഗത്തെത്തുന്നത്.

'ഡല്‍ഹിയില്‍ ഗാസിയാബാദിലും ഫരീദാബാദിലും ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം നായ്ക്കളുണ്ട്. അവയെ എല്ലാം റോഡുകളില്‍ നിന്ന് നീക്കാന്‍ വലിയ തുക വേണം. നായ്ക്കളെ ഒരുമിച്ചു താമസിപ്പിക്കണമെങ്കില്‍ ഷെഡ്, ഡ്രെയിനേജ്, അടുക്കള, കാവല്‍ക്കാരന്‍ എന്നിവ വേണ്ടി വരും. അതിന് ഏകദേശം 15,000 കോടി രൂപ ചിലവാകും. ഇതിനായി ഡല്‍ഹി സര്‍ക്കാരിന്റെ കൈയില്‍ 15,000 കോടി രൂപയുണ്ടോ?' അവര്‍ ചോദിച്ചു.
ഡല്‍ഹിയില്‍ ഇവയ്ക്കു ഭക്ഷണമുണ്ട്. നിങ്ങള്‍ നായ്ക്കളെ നഗരങ്ങളില്‍ നിന്നു കൂട്ടത്തോടെ നീക്കം ചെയ്തു കഴിഞ്ഞാല്‍ മരങ്ങളില്‍ നിന്ന് കുരങ്ങുകള്‍ നിലത്തേക്ക് വരും. ഇത് എന്റെ സ്വന്തം വീട്ടില്‍ സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പണ്ട് പാരീസില്‍ തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങളും മനേക ഗാന്ധി ചൂണ്ടിക്കാട്ടി.
രോഗങ്ങള്‍ പരത്തുന്നുവെന്ന ഭീതിയില്‍ 1800കളില്‍ പാരീസ് ഭരണകൂടം തെരുവുകളില്‍ നിന്ന് നായ്ക്കളെ നീക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ഇത് അവര്‍ക്കു തന്നെ വിനയായി വന്നു.
നഗരം എലികളെക്കൊണ്ട് പൊറുതിമുട്ടി. വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമായി നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 70 ശതമാനം ആക്രമണങ്ങള്‍ സംഭവിക്കുന്നത് വളര്‍ത്തു നായ്ക്കളില്‍ നിന്നാണെന്നും 30 ശതമാനം മാത്രമാണ് തെരുവ് നായ്ക്കളില്‍ നിന്ന് ഉണ്ടാകുന്നതെന്ന വിചിത്രമായ വാദവും മനേക ഗാന്ധി ഉന്നയിച്ചു.
അതേസമയം, സുപ്രീം കോടതിയുടെ നിര്‍ദേശം പാലിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു. തെരുവ് നായ പ്രശ്നത്തെ ഗുരുതരമായ പ്രശ്നം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത, ഇക്കാര്യത്തില്‍ ആസൂത്രിതമായ നയം ഉടന്‍ നടപ്പാക്കുമെന്നും അറിയിച്ചു.












Click it and Unblock the Notifications