'ഭാവി നശിക്കും, മാനുഷിക പരിഗണന'; ബുള്ളി ബായ്, സുള്ളി ഡീൽസ് ആപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം
ഡൽഹി: ബുള്ളി ബായ്, സുള്ളി ഡീൽസ് എന്നീ ആപ്പ് കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി നീരജ് ബിഷ്‌ണോയി, സുള്ളി ഡീൽസ് ആപ്പ് നിർമ്മാതാവ് ഓംകാരേശ്വർ താക്കൂർ എന്നിവർക്കാണ് ജാമ്യം.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്ക് കോടതി ജാമ്യം അനുവദിച്ചത്. മുസ്‍ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചു എന്നതായിരുന്നു പ്രതികൾക്ക് എതിരെയുളള കേസ്. എന്നാൽ, ജയിൽ വാസം പ്രതികളുടെ ഭാവി തകർക്കും. പ്രതികൾ ആദ്യമായാണ് കുറ്റവാളികളാകുന്നതെന്നും തടവിൽ തുടരുന്നതെന്നും കോടതി വിലയിരുത്തി. ഇതിന് പിന്നാലെ ആയിരുന്നു കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേസമയം, ഒരു സാക്ഷികളെ പോലും ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുതെന്ന് കോടതി പ്രതികൾക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികൾ ഏതെങ്കിലും തരത്തിൽ ഇരയുമായി ബന്ധപ്പെടാൻ പാടില്ല. രാജ്യം വിടരുത്. പ്രതികൾ സ്വന്തം ഫോൺ ഓണാക്കി വെയ്ക്കണം. എവിടെ ആണുളളതെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം, കോടതിയിൽ ഹാജരാകുന്നതില്‍ യാതൊരു തരത്തിലും ഉളള വീഴ്ച ഉണ്ടാകരതെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.
അതേസമയം, മുസ്‍ലിം സ്ത്രീകള്‍ക്ക് എതിരെയുളള വിദ്വേഷ പ്രചാരണത്തിന് ആണ് സുള്ളി ഡീല്‍സ്, ബുള്ളി ബായ് എന്നീ ആപ്പുകള്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സുള്ളി ഡീല്‍സ് എന്ന ആപ്പ് പുറത്തിറക്കിയത്. എന്നാൽ, ബുള്ളി ബായ് ഈ വര്‍ഷം ജനുവരിയിൽ പുറത്തിറക്കുകയായിരുന്നു.
ഈ ആപ്പിലൂടെ മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങി നിരവധി മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഈ ആപ്പുകളിൽ ഉണ്ടായിരുന്നു എന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ബുള്ളി ബായ് വികസിപ്പിച്ച നീരജ് ബിഷ്‌ണോയിയെ ആണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നാലെ, സുള്ളി ഡീല്‍സിന് പിന്നിലുളളവരെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു സുള്ളി ഡീൽസ് ആപ്പ് നിർമ്മാതാവ് ഓംകാരേശ്വർ താക്കൂർ കുടുങ്ങിയത്.












Click it and Unblock the Notifications