'ഈ കാഴ്ച ഹൃദയഭേദകമാണ്'; ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി അപർണ ബാലമുരളി
ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി അപർണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പോലീസ് റോഡിലൂടെ വലിച്ചിഴക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു അപർണയുടെ പ്രതികരണം. ഈ കാഴ്ച ഹൃദയഭേദകമാണെന്ന് അപർണ കുറിച്ചു.
'നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്', നടി പറഞ്ഞു. നീതി വൈകുന്നത് നീതി നിഷേധമാണെന്ന ഹാഷ് ടാഗും അപർണ പങ്കുവെച്ചിട്ടുണ്ട്. അതേസമയം സമരത്തിന് നേതൃത്വം നൽകുന്ന ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംദ് പൂനിയ എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരയാണ് കേസ്. കലാപത്തിന് ശ്രമിച്ചുവെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതിനിടെ എന്തൊക്കെ സംഭവിച്ചാലും സമരത്തിൽ നിന്നും പിൻമാറില്ലെന്ന് വ്യക്തമാക്കി സാക്ഷി മാലിക് രംഗത്തെത്തി. നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സമരത്തിന്റെ ഭാവി പരിപാടികൾ ഉടൻ അറിയിക്കുമെന്നും അവർ പറഞ്ഞു. 'പൊതുമുതൽ നശിപ്പിക്കാതെയാണ് ഞങ്ങൾ സമരം നടത്തിയത്. എന്നിട്ടും പോലീസ് ഞങ്ങൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. വളരെ ക്രൂരമായാണ് അവർ ഞങ്ങളോട് പെരുമാറിയത്. ഒരു സ്ത്രീയെ കൈകാര്യം ചെയ്തത് 20 പേർ ചേർന്നാണ്. അംബാലയിലെ ഗുരുധ്വാരയിലും മറ്റ് സ്ഥലങ്ങളിലും ഞങ്ങളെ കാത്ത് നിൽക്കുന്ന, ഞങ്ങളെ പിന്തുയ്ക്കുന്നവരോട് പറയാനുള്ളത് ഒരിക്കലും ഞങ്ങൾ ഈ സമരത്തിൽ നിന്നും പിന്തിരിയില്ലെന്നാണ്. ഞങ്ങൾ സമരം തുടരുക തന്നെ ചെയ്യും. അടുത്ത സമര നടപടികൾ തീർച്ചയായും നിങ്ങളെ ഉടൻ അറിയിക്കും', സാക്ഷി പറഞ്ഞു.
'എന്നെ രാത്രി 11 മണിക്കാണ് പോലീസ് വിട്ടയച്ചത്. ബജ്റംഗിനെ അർധരാത്രിയോടെയും ഞങ്ങൾ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങൾ ഉടൻ കാണുകയും മുന്നോട്ടുള്ള നടപടികൾ വ്യക്തമാക്കുകയും ചെയ്യും', ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ സാക്ഷി പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ രാജ്യതലസ്ഥാനത്ത് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിന് മുന്നിലേക്ക് സമരം നയിക്കുന്ന താരങ്ങൾ മാർച്ച് നടത്തിയിരുന്നു മാർച്ച് തടഞ്ഞ പോലീസ് താരങ്ങളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.












Click it and Unblock the Notifications