പരസ്പരം സംസാരിക്കൂ...ഒന്നരമണിക്കൂര്‍ മൊബൈലും ടിവിയും ഇന്റര്‍നെറ്റും വേണ്ട; വെറൈറ്റിയാണ് ഈ ഗ്രാമം
മുംബൈ: ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു നേരമെങ്കിലും നമുക്ക് ചിന്തിക്കാനാകുമോ. ഇന്റര്‍നെറ്റിന്റെ വേഗത ഒന്ന് അല്‍പം കുറഞ്ഞാല്‍ നമ്മള്‍ അസ്വസ്ഥരാകില്ലേ? എന്നാല്‍ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു ഗ്രാമം, എല്ലാ വൈകുന്നേരവും ഒരു 'ഡിജിറ്റല്‍ ഡിറ്റോക്സിനായി' താമസക്കാരെ പ്രേരിപ്പിച്ചിരിക്കുകയാണ്.
ആധുനിക ജീവിതത്തില്‍ ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും തിരക്കില്‍ നിന്ന് അല്‍പ നേരം മാറി നില്‍ക്കാനാണ് ഈ ഗ്രാമം പറയുന്നത്. മോഹിത്യഞ്ചെ വഡ്ഗാവ് ഗ്രാമത്തിലെ സര്‍പഞ്ചായ വിജയ് മൊഹിതെയാണ് ഈ ആശയം മുന്നോട്ട് വച്ചത്. ഗ്രാമവാസികള്‍ ഇതിനെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ഒരു പ്രാദേശിക ക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം 7 മണിക്ക് ഒരു സൈറണ്‍ മുഴങ്ങും. ഇത് ആളുകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും ഓഫ് ചെയ്യാനും ടെലിവിഷന്‍ സെറ്റുകള്‍ ഓഫ് ചെയ്യാനും പുസ്തകങ്ങള്‍ വായിക്കാനും പഠിക്കാനും പരസ്പരം സംസാരിക്കാനുമുള്ള സമയമായി എന്നതിന്റെ സിഗ്നലാണ്. രണ്ടാമത്തെ അലാറം 8.30 ന്.

ഇത് ഈ പ്രക്രിയ അവസാനിക്കുന്നതിന്റെ സിഗ്നലാണ്. കൊവിഡ് ലോക്ക്ഡൗണും തുടര്‍ന്നുള്ള ഓണ്‍ലൈന്‍ ക്ലാസുകളും മണിക്കൂറുകളോളം കുട്ടികളുടെ കൈകളിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നു എന്നും മാതാപിതാക്കളുടെ ടെലിവിഷന്‍ കാഴ്ചയുടെ സമയം നീട്ടിയതായും സര്‍പഞ്ച് മൊഹിതേ പറയുന്നു.

ഫിസിക്കല്‍ ക്ലാസുകള്‍ പുനരാരംഭിച്ചപ്പോള്‍, കുട്ടികള്‍ മടിയന്മാരാണെന്നും എഴുതാനും വായിക്കാനും താല്‍പ്പര്യമില്ലാത്തവരാണെന്നും സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും മൊബൈല്‍ ഫോണുകളില്‍ മുഴുകിയിരിക്കുകയാണെന്നും അധ്യാപകര്‍ക്ക് മനസ്സിലായി. ഗ്രാമവാസികളുടെ വീടുകളില്‍ പ്രത്യേക പഠനമുറികളില്ല. ഞാന്‍ ഒരു ഡിജിറ്റല്‍ ഡിറ്റോക്‌സ് എന്ന ആശയം മുന്നോട്ടുവച്ചു,' അദ്ദേഹം പറഞ്ഞു.

ഒന്നര മണിക്കൂര്‍ സമയമാണ് ഞാന്‍ ആദ്യം നിര്‍ദ്ദേശിച്ചത്. മൊബൈല്‍, ടിവി സ്‌ക്രീനുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയുമോ എന്ന് ആളുകള്‍ ചിന്തിച്ചപ്പോള്‍ തുടക്കത്തില്‍ ഒരു മടി ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഞങ്ങള്‍ ഒരു സ്ത്രീകളുടെ ഗ്രാമസഭ വിളിച്ചുചേര്‍ത്തു. തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി സേവികമാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, വിരമിച്ച അധ്യാപകര്‍ എന്നിവര്‍ വീടുവീടാന്തരം കയറിയിറങ്ങി ഡിജിറ്റല്‍ ഡിറ്റോക്സിനെ കുറിച്ച് അവബോധം സൃഷ്ടിച്ചു.

മോഹിത്യാഞ്ചെ വഡ്ഗാവ് സ്വാതന്ത്ര്യ സമര സേനാനികളുടെ ആസ്ഥാനമാണ്, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ശുചിത്വത്തിനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ ഗ്രാമം. കൂടാതെ സാമൂഹിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രസിദ്ധമാണ്.

'ഇപ്പോള്‍, രാത്രി 7 നും 8.30 നും ഇടയില്‍ ആളുകള്‍ മൊബൈല്‍ ഫോണുകള്‍ മാറ്റിവെക്കുകയും ടെലിവിഷന്‍ സെറ്റുകള്‍ ഓഫ് ചെയ്യുകയും വായന, പഠനം, എഴുത്ത്, സംഭാഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പദ്ധതി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വാര്‍ഡ് തിരിച്ചുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, സര്‍പഞ്ച് വിശദീകരിച്ചു.












Click it and Unblock the Notifications