ബിരിയാണി കഴിക്കാന്‍ വേണ്ടി മാത്രം ജനിച്ചവര്‍ മൃഗങ്ങള്‍:ഹിമന്ത ബിശ്വ ശര്‍മ്മ
ബിരിയാണി കഴിക്കാന്‍ വേണ്ടി മാത്രം ജനിച്ചവര്‍ മൃഗങ്ങളാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിരിയാണി കഴിക്കാനാണ് ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതെന്ന കോണ്‍ഗ്രസ് എംപി റക്കിബുള്‍ ഹുസൈന്റെ പരാമര്‍ശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിതഭക്ഷണത്തിന് പേര് കേട്ട പുരാണത്തിലെ രാക്ഷസനായ ബകാസുരനോടാണ് ഹുസൈനിനെ ഹിമന്ത വിശേഷിപ്പിച്ചത്.
നേരത്തെ സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഫണ്ട് അദ്ദേഹം വിഴുങ്ങിയെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ബിരിയാണി കഴിക്കാനാണ് ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതെന്ന് ധുബ്രി എംപിയായ ഹുസൈന്‍ പരിഹാസരൂപേണ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിരിയാണി കഴിക്കാന്‍ വേണ്ടി മാത്രം ജനിച്ചവര്‍ മൃഗങ്ങളാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മയുടെ ആക്ഷേപം.

'അമ്മയുടെ പാല്‍ കുടിക്കാന്‍ ജനിച്ചവര്‍ മനുഷ്യരാണ്. എന്നാല്‍ ബിരിയാണി കഴിക്കാന്‍ ജനിച്ചവര്‍ മൃഗങ്ങളാണ്,' ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. നഗാവോണ്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും തമ്മില്‍ വാക്‌പോര് രൂക്ഷമായത്. അതിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള തന്റെ രൂപോഹിഹട്ട് നിയമസഭാ മണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ നൂറുല്‍ ഹുദയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
'കോളേജുകള്‍, സ്‌കൂളുകള്‍, റോഡുകള്‍ എന്നിവയുടെ വികസനത്തിലോ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിലോ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. ഓരോ വീട്ടിലും കുടിവെള്ള കണക്ഷന്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അതിലൂടെ ഒരിക്കലും വെള്ളം വന്നില്ല.' അദ്ദേഹം ആരോപിച്ചു.
പൈപ്പുകളും വാഗ്ദാനങ്ങളും മാത്രം അവശേഷിപ്പിച്ച് ഹുദ മണ്ഡലം വിട്ടുപോയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നതെന്ന് ശര്‍മ്മ യോഗത്തില്‍ പറഞ്ഞു. 'നഗാവോണ്‍ ഈ വഞ്ചന തിരിച്ചറിഞ്ഞിട്ടുണ്ട്; ഇത്തവണ അവര്‍ ഇവിഎം വഴി അതിന് മറുപടി നല്‍കും,' അദ്ദേഹം പറഞ്ഞു.
'ഇന്ന് നാഗോണ്‍ ലോക്സഭാ മണ്ഡലത്തിലുടനീളം നടന്ന മൂന്ന് വലിയ റാലികളെ ഞാന്‍ അഭിസംബോധന ചെയ്തു. ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നവര്‍ക്ക്, മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് അവിടുത്തെ സാഹചര്യങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലാകുന്നത്; ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടാന്‍ പോകുകയാണ്,' അദ്ദേഹം പറഞ്ഞു.
പ്രായമായതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള ചുമതലകള്‍ തന്റെ മൂന്ന് ആണ്‍മക്കളില്‍ ആര്‍ക്കെങ്കിലും കൈമാറി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ എഐയുഡിഎഫ് തലവനും എംഎല്‍എയുമായ ബദറുദ്ദീന്‍ അജ്മലിനോട് ശര്‍മ്മ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസും എഐയുഡിഎഫും നേരിട്ടോ അല്ലാതെയോ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നഗാവോണ്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 6-ന് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 9-നാണ് നിശ്ചയിച്ചിരിക്കുന്നത്. അസം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രദ്യുത് ബോര്‍ഡോലോയി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ദേവാശിഷ് ശര്‍മ്മയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി.


Click it and Unblock the Notifications
