ഗുജറാത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങി; കൈമാറിയത് ബിജെപി എംപി
ഗാന്ധി നഗര്‍: പുതിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെട്ടിരിക്കെ, ഗുജറാത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഒരു ഹിന്ദു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. രാജ്‌കോട്ട് ലോക്‌സഭാ എംപി മോഹന്‍ കുണ്ടരിയയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ഹര്‍സിങ് സോധ, സരുപ്‌സിങ് സോധ, പര്‍ബത്ത്‌സിങ് സോധ എന്നിവര്‍ക്കാണ് പൗരത്വം ലഭിച്ചത്.

ഇവരുടെ കുടുംബം 2007ല്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയവരാണ്. മോര്‍ബിയിലെ വാവ്ദി ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. ഒട്ടേറെ അഭയാര്‍ഥികള്‍ പൗരത്വം ആവശ്യപ്പെട്ട് മോര്‍ബിയില്‍ കഴിയുന്നുണ്ടെന്ന് കുണ്ടരിയ പറഞ്ഞു. എല്ലാവര്‍ക്കും ഉടന്‍ പൗരത്വം ലഭിക്കും. പൗരത്വ ഭേദഗതി നിയമം പാസാക്കിയ മോദി സര്‍ക്കാരിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനില്‍ നിന്ന് വന്നവരാണ് മോര്‍ബിയിലുള്ള അഭയാര്‍ഥികളില്‍ കൂടുതലും. പുതിയ നിയമ പ്രകാരം എല്ലാവര്‍ക്കും വേഗത്തില്‍ പൗരത്വം ലഭിക്കും. ഇന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കിയ ചട്ടപ്രകാരമാണ് പൗരത്വം നല്‍കുന്നതെന്നും എംപി പറഞ്ഞു.
പൗരത്വം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി സര്‍ക്കാരിന് നന്ദി അറിയിക്കുന്നുന്നുവെന്നും ഹര്‍സിങ് സോധ പ്രതികരിച്ചു. 2007ലാണ് എന്റെ കുടുംബം പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇന്ന് ഞങ്ങള്‍ ഇന്ത്യക്കാരായി മാറി. വളരെ സന്തോഷമുണ്ട്. മോദിക്കും അമിത് ഷാക്കും നന്ദിയുണ്ടെന്നും ഹര്‍സിങ് സോധ പറഞ്ഞു. പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന മുസ്ലിങ്ങളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ നിയമം. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതിനെതിരെയും എന്‍ആര്‍സിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധം നടക്കുകയാണ്.












Click it and Unblock the Notifications