ഗോവധത്തിന് ഗുജറാത്തിൽ 3 പേർക്ക് ജീവപര്യന്തം ശിക്ഷ, രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേത്
രാജ്‌കോട്ട്: പശുക്കളെ കൊന്നുവെന്ന് കണ്ടെത്തിയ മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്തിലെ അംറേലി സെഷന്‍സ് കോടതി. കാസിം സോളങ്കി, സത്തര്‍ സോളങ്കി, അക്രം സോളങ്കി എന്നിവര്‍ക്കാണ് സെഷന്‍സ് കോടതി ജഡ്ജി റിസ്വാന ബുക്കാരി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇത് കൂടാതെ 6.08 ലക്ഷം രൂപ പിഴയും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഗോവധത്തിന്റെ പേരില്‍ ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. 2017ല്‍ ഭേദഗതി ചെയ്യപ്പെട്ട ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് പ്രകാരമാണ് കോടതി വിധി. ഐപിസി 429, 295 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
2023ലാണ് അനധികൃതമായി പശുക്കളെ കൊന്നുവെന്ന് ആരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. നവംബറില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയ വന്‍രാജ് മന്‍ജരിയ ആണ് മോട്ടഖത്ക്വാഡ് മേഖലയിലെ ബാഹര്‍പരയില്‍ മൂന്ന് പേര്‍ അനധികൃതമായി പശുക്കളെ അറക്കുന്നതായി പരാതി നല്‍കിയത്. പശുക്കളെ അറത്ത ശേഷമുളള മാംസാവശിഷ്ടങ്ങള്‍ മുന്‍സിപ്പാലിറ്റിയുടെ ഓടയില്‍ നിക്ഷേപിക്കുന്നതായും ഇതിലൂടെ മതവികാരം വ്രണപ്പെടുത്തിയതായും വന്‍രാജ് പരാതിപ്പെട്ടു.

തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ 400 കിലോ പശുമാംസം, കത്തികള്‍, ഭാരമളക്കുന്ന മെഷീനുകള്‍, മാംസാവശിഷ്ടങ്ങള്‍, വാഹനം എന്നിവ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനയിലും മൃഗഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ടിലും പിടിച്ചെടുത്ത മാസം ബീഫ് ആണെന്ന് പറയുന്നു. മാത്രമല്ല പ്രതികള്‍ക്ക് എതിരായ സാക്ഷി മൊഴികളും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു.
അതേസമയം ഏകപക്ഷീയമായ അന്വേഷണം ആണ് പോലീസ് നടത്തിയത് എന്നും സാക്ഷികള്‍ വിശ്വസനീയമല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി. പിടിച്ചെടുത്തത് ബീഫ് ആണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുളള നീക്കത്തിലാണ് പ്രതികള്‍. അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്ത് എത്തി. ഗോ സുരക്ഷ എത്രമാത്രം പ്രധാനമാണ് എന്ന് തെളിയിക്കുന്നതാണ് കോടതി വിധിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications