പൊതുസ്ഥലത്ത് അശ്ലീലപ്രയോഗം; 53 പേര്‍ അറസ്റ്റില്‍
ഗുഡ്ഗാവ്: പരസ്യമായി അശ്ലീലം പറയുകയും സീല്‍ക്കാരങ്ങള്‍ മുഴക്കുകയും ചെയ്ത 53 പേരെ അറസ്റ്റ് ചെയ്തതായി ഗുഡ്ഗാവ് പോലീസ് പറഞ്ഞു. മെഹ്‌റുളി - ഗുഡ്ഗാവ് റോഡിലാണ് സംഭവം നടന്നത്. ഷോപ്പിങ് മാളുകളുടെയും നൈറ്റ് ക്ലബ്ബുകളുടെയും കേന്ദ്രമാണ് ഈ പ്രദേശം. റോമിയോ ഫ്രീ ഗുഡ്ഗാവ് എന്ന പേരില്‍ സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് കമ്മീഷണര്‍ ധര്‍ണ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയും പോലീസ് സംഘം സമാനമായ റെയ്ഡ് നടത്തിയിരുന്നു. അന്ന് 21 സ്ത്രീകളടക്കം നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോമിയോ ഫ്രീ ഗുഡ്ഗാവ് ഓപ്പറേഷന്‍ തുടരാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘത്തെ ബുധനാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ശനിയാഴ്ച നടത്തിയ റെയ്ഡിന് ശേഷം സ്ഥലത്ത് സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിട്ടുണ്ട്. കടയുടമകളും പ്രദേശവാസികളും പോലീസിനോട് സഹകരിക്കുന്നുണ്ട്. - എ സി പി യാദവ് പറഞ്ഞു.
വേശ്യാവൃത്തിക്കും ലഹരിവില്‍പനയ്ക്കും പേരുകേട്ട പ്രദേശമാണിത്. മദ്യപാനികള്‍ തമ്മിലുള്ള അടിപിടിയും മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങളും ഇവിടെ സ്ഥിരം സംഭവമാണ്. ആളുകള്‍ക്ക് ഏത് സമയത്തും പേടിയില്ലാതെ നടക്കാവുന്ന ഇടമാക്കി എം ജി റോഡിനെ മാറ്റുകയാണ് റോമിയോ ഫ്രീ ഗുഡ്ഗാവ് ഓപ്പറേഷനിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications