ട്രെയിനുകളില്‍ മോഷണ പരമ്പര; മൂന്നു സ്ത്രീകള്‍ പിടിയില്‍; 2.7 ലക്ഷം രൂപ കണ്ടെടുത്തു
മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ മോഷണ പരമ്പര നടത്തിയ മൂന്നംഗ സ്ത്രീ സംഘത്തെ പോലീസ് പിടികൂടി. ഗംഗു പവാര്‍(50), സുമന്‍ കാലെ (30), ഷര്‍ദ പവാര്‍ (30) എന്നിവരെയാണ് പിടികൂടിയത്. മൂവരും ജല്‍ന സ്വദേശികളാണ്. നവി മുംബൈയിലെ ബന്ധുവീട്ടില്‍ 4-5 ദിവസം താമസിച്ച് മോഷണം നടത്തുകയും പിന്നീട് മടങ്ങുകയുമാണ് ഇവരുടെ പതിവ്.
ട്രെയിനില്‍ വ്യാപകമായ മോഷണം നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരെ ഉള്‍പ്പെടെ നിരീക്ഷണത്തിന് നിയോഗിച്ചിരുന്നു. സിവില്‍ വേഷത്തില്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന വനിതാ പോലീസുകാരാണ് സംശയിക്കത്തക്ക സാഹചര്യത്തില്‍ മൂവരെയും റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് പിടികൂടുന്നത്.

താനെ സ്റ്റേഷനില്‍വെച്ചാണ് ഇവര്‍ നിരീക്ഷണത്തിലായത്. പിന്നീടിവരെ കല്യാണ്‍ വരെ ട്രെയിനില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 2.7 ലക്ഷം രൂപ കണ്ടെടുത്തു. ബാഗുകള്‍, മാല, പണം തുടങ്ങിയവയാണ് യാത്രക്കാരില്‍ നിന്നും ഇവര്‍ കവര്‍ന്നിരുന്നത്. ഇവര്‍ക്കൊപ്പം ആറുവയസും ഒരുവയസും ആയ കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ മറ്റുള്ളവര്‍ സംശയിച്ചിരുന്നില്ല.
തിരക്കുള്ള ട്രെയിനില്‍ കയറിയശേഷം ഒരാള്‍ മോഷണം നടത്തേണ്ടയാളെ തിരഞ്ഞെടുക്കും. മറ്റൊരാള്‍ മോഷണം നടത്തും. ഇത് കൈക്കിലാക്കുന്ന മൂന്നമത്തേയാള്‍ ഉടന്‍ അടുത്തുള്ള സ്‌റ്റേഷനില്‍ ഇറങ്ങും. ഇതാണ് ഇവരുടെ മോഷണരീതിയെന്ന് പോലീസ് പറഞ്ഞു. ഒട്ടേറെ പരാതികള്‍ മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ചതിനാല്‍ സ്ത്രീകളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications