മൂന്ന് വയസുകാരിയുടെ പരിശോധനഫലം പോസിറ്റീവ്, മഹാരാഷ്ട്രയില്‍ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ കേസ്
മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു. കല്യാണ്‍ മേഖലയിലെ മൂന്ന് വയസുകാരിക്കാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പരിശോധനഫലങ്ങള്‍ പോസിറ്റീവായത് മഹരാഷ്ട്രയിലാണ്, 39 പേര്‍. ഇതില്‍ ആറ് കേസുകളും ഇന്നെലയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊറോണയെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിരവധി പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.

മൂന്ന് വയസുള്ള പെണ്‍കുട്ടിയും 33കാരിയായ അമ്മയും മാര്‍ച്ച് 14നാണ് രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് പരിശോധനയ്ക്കയച്ച ഫലങ്ങള്‍ ഇന്നലെയാണ് എത്തിയത്. ഇവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആറിയിച്ചു. മാര്‍ച്ച് ഒമ്പതിനാണ് സംസ്ഥാനത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. ഇപ്പോള്‍ 39 കേസുകളാണ് സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കേസ് ദിവസങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലണ്ടനിലെ ഒരു ആശുപത്രിയില്‍ പിറന്നുവീണ കുഞ്ഞിനായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക് രോഗ ബാധയില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. പ്രസവ സമയത്ത് എങ്ങനെയോ രോഗം ബാധിച്ചതവാമെന്നാണ് ആശുപത്രി അധികൃതര്‍ കരുതുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തയിട്ടുണ്ട്.
അതേസമയം, വരാനിരിക്കുന്ന 15-20 ദിവസങ്ങള്‍ സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇനി വരുന്ന ദിവസങ്ങളില്‍ പുറത്തുവരുന്ന ഫലങ്ങള്‍ നെഗറ്റീവാണെങ്കില്‍ ആശങ്ക പകുതി കുറയും. മുഖ്യമന്ത്രി ഉദ്ദവ് താക്കെറെയുടെ നേതൃത്വത്തിലാണ് കൊറോണയെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തുന്നത്. ജില്ലാ ഭരണകൂടങ്ങളെയും ആരോഗ്യപ്രവര്‍ത്തരെയും ഒരുമിച്ച് ചേര്‍ത്താണ് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
സംസ്ഥാനത്ത് കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയാണ് ദിവസം തോറും ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇടതുകൈയില്‍ ചാപ്പ കുത്തുന്ന നടപടി മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപ്പോകുന്നതിനെ തുടര്‍ന്നാണ് അസാധാരണ നടപടി. ചാപ്പ് കുത്തിയവര്‍ ചാടിപ്പോയാല്‍ ആളുകള്‍ക്ക് തിരിച്ചറിയുന്നതിന് വേണ്ടിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ദില്ലിയിലെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഐപിഎസുകാരനും ഡോക്ടറായ ഭാര്യയും ചാടിപ്പോയിരുന്നു. ഇറ്റലിയില്‍ നിന്നും എത്തിയതിനെ തുടര്‍ന്ന് ദില്ലിയിലെ ഐസോലേഷന്‍ വാര്‍ഡിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്.
Recommended Video
നിലവില്‍ മഹാരാഷ്ട്രയില്‍ 108 പേരാണ് ആശുപത്രിയിലെ വാര്‍ഡിലും 621 പേര്‍ വീടുകളിലും ഐസോലേഷനില്‍ കഴിയുകയാണ്. രോഗം ബാധിച്ച സ്ഥലങ്ങളില്‍ നിന്നും വരുന്നവരെ മുന്‍കരുതലെന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മാളുകളും ആളുകള്‍ കൂട്ടം കുടുന്ന സ്ഥലങ്ങളും എല്ലാം നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയിരുന്നു.












Click it and Unblock the Notifications