ബിജെപി എംഎൽഎ അശ്ലീല വീഡിയോ കണ്ട സംഭവം;ത്രിപുര നിയമസഭയിൽ ബജറ്റ് സമ്മേളത്തിനിടെ കയ്യാങ്കളി, സസ്പെൻഷൻ
അഗർത്തല; ത്രിപുര നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. തുടർന്ന് സഭ നടപടികൾ തടസപ്പെടുത്തിയെന്നാരോപിച്ച് അഞ്ച് പ്രതിപക്ഷ എം എൽ എമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു. കോൺഗ്രസ്, തിപ്ര മോത്ത ,സി പി എം അംഗങ്ങൾക്കെതിരെയായിരുന്നു നടപടി.
നാല് ദിവസത്തെ ബജറ്റ് സമ്മേളനത്തിനായി ഇന്നായിരുന്നു സഭ ചേർന്നത്. സമ്മേളനം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറുകയായിരുന്നു. മുൻപ് സഭയിൽ വെച്ച് അശ്ലീല വീഡിയോ കണ്ട ബി ജെ പി എം എൽ എയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവായ അനിമേഷ് ദേബ്ബർമ്മ അടിയന്തര പ്രമേയം അവതരിപ്പിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി.

ഇതിനിടയിൽ ധനകാര്യ മന്ത്രി പ്രാണജിത്ത് സിംഗ റോയ് ബജറ്റ് പ്രസംഗം ആരംഭിച്ചു.പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ പ്രസംഗം തടസപ്പെടുത്തി. നേതാക്കൾ മനുഷ്യച്ചങ്ങല തീർത്ത് മുദ്രാവാക്യം വിളിച്ചു. ചില നേതാക്കൾ മേശപ്പുറത്ത് കൂടി നടക്കുകയും ചെയ്തു. തുടർന്ന് സഭ നടപടികൾ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മന്‍, തിപ്ര മോത എംഎല്‍എമാരായ ബിര്‍ഷകേതു ദേബര്‍മ, രഞ്ജിത് രദേബര്‍മ, നന്ദിത റിയാങ്, സിപിഎം എംഎല്‍എ നയന്‍ സര്‍ക്കാര്‍ എന്നിവരെ സസ്പെന്റ് ചെയ്തതായി സ്പീക്കർ അറിയിച്ചു. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ത്രിപുര ബാഗ്സ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ ജാദവ് ലാൽ നാഥ് നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ടത്. സംസ്ഥാന ബജറ്റിനെ കുറിച്ച് സഭയിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രവൃത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എം എൽ എയുടെ പുറകിലിരിക്കുന്ന ആരോ ആണ് വീഡിയോ എടുത്തത്. നിരവധി വീഡിയോകൾ സ്ക്രോൾ ചെയ്ത് നോക്കി വീഡിയോ കാണുകയായിരുന്നു എംഎൽഎ. സംഭവത്തിൽ എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധം തീർത്തിരുന്നു.
എന്നാൽ ഒരു ഫോൺ വന്നതോടെയാണ് തന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ വന്നതെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം. 'സഭയിൽ മൊബൈൽ അനുവദനീയമല്ലെന്ന് എനിക്ക് അറിയാം. എന്നാൽ തുടർച്ചയായി ഫോൺ വന്നതോടെയാണ് ഞാൻ മൊബൈൽ എടുത്ത് നോക്കിയത്. അതിന് ശേഷമാണ് അശ്ലീവ വീഡിയോ ഫോണിലേക്ക് വന്ന് തുടങ്ങിയത്', എന്നായിരുന്നു എംഎൽഎ പറഞ്ഞത്.












Click it and Unblock the Notifications