സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചാല്‍ ഇതായിരിക്കും ശിക്ഷ; മുന്നറിയിപ്പുമായി ലോറന്‍സ് ബിഷ്‌ണോയി സംഘം
ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്രോഫിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം. തങ്ങളാണ് ആക്രമണം നടത്തിയത് എന്ന് അവകാശപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അനില്‍ പണ്ഡിറ്റ് രംഗത്തെത്തി. ഹര്‍മന്‍ സന്ധുവിനൊപ്പം ചേര്‍ന്ന് താനാണ് ആക്രമണം നടത്തിയത് എന്നാണ് അനില്‍ പണ്ഡിറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നവരോ, നടന്‍ സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കുന്നവരോ ആയ മുംബൈ സിനിമാ മേഖലയിലുള്ള ആരെയും അടുത്തതായി ലക്ഷ്യമിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. 'ഇന്ന് ടൈഗര്‍ ഷ്രോഫിന് സംഭവിച്ച കാര്യത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍, അനില്‍ പണ്ഡിറ്റും ഹര്‍മന്‍ സന്ധുവും ഏറ്റെടുക്കുന്നു. ഞങ്ങള്‍ അവനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ അവന്‍ അത് കേട്ടില്ല. അതുകൊണ്ട്, അവനെ ഒരു നല്ല പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു,' കുറിപ്പില്‍ പറയുന്നു. 'മുംബൈ സിനിമാ മേഖലയില്‍ ഞങ്ങളുടെ വാക്ക് കേള്‍ക്കാത്തവരോ, സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കുന്നവരോ ആയ ആരെയും അടുത്തതായി ഞങ്ങള്‍ ലക്ഷ്യമിടും. കാത്തിരുന്ന് കാണുക. ഞങ്ങളുടെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാമെന്ന് കരുതുന്ന മറ്റ് സംഘങ്ങളിലെ ചില 'നായക്കളെ' ഉടന്‍ തന്നെ വധിക്കുകയും, അതുവഴി അവരെ പ്രശസ്തരാക്കുകയും ചെയ്യും,' കുറിപ്പില്‍ പറയുന്നു.
ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹു പ്രദേശത്ത് വെച്ച്ാണ് മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നുപേര്‍ ടൈഗര്‍ ഷ്രോഫിനു നേരെ വെടിയുതിര്‍ത്തത്. ടൈഗര്‍ ഷ്രോഫിന് കാര്യമായി പരിക്കുകളൊന്നുമില്ല. എന്നാല്‍ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഡ്രൈവറും ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഒരു ക്ലബ്ബില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങവെ ആയിരുന്നു ആക്രമണം.
ഷ്രോഫിനു നേരെ, ജുഹുവിലെ പുഷ്പ പാര്‍ക്കിന് സമീപം തിരിച്ചറിയാത്ത മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഷ്രോഫിന്റെ ഡ്രൈവര്‍ ഫിര്‍ദോസിന്റെ കൈക്കാണ് പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റതോടെ ഷ്രോഫാണ് പിന്നീട് വാഹനമോടിച്ചത്. സംഭവമറിഞ്ഞയുടന്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥരും ആംബുലന്‍സുകളും സ്ഥലത്തെത്തി.
നിലവില്‍, സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. വെടിവെപ്പിന്റെ പ്രാഥമിക കാരണവും അക്രമികളുടെ ഉദ്ദേശ്യവും വ്യക്തമല്ലെന്നും, അന്വേഷണത്തിലൂടെ ഇക്കാര്യങ്ങള്‍ കണ്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ സംഭവം സിനിമാ മേഖലയിലും ജുഹു പ്രദേശത്തും വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം ആക്രമണത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന് പങ്കുണ്ടെന്ന കാര്യം മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇക്കഴിഞ്ഞ ഫെബ്രുവരി 1-ന് ചലച്ചിത്ര നിര്‍മ്മാതാവ് രോഹിത് ഷെട്ടിയുടെ ജുഹുവിലുള്ള വസതിക്ക് പുറത്ത് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു. കെട്ടിടത്തിന് നേരെ പലതവണ വെടിയുതിര്‍ത്തുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
2024 ഒക്ടോബര്‍ 12-ന് രാത്രി 9.30-ഓടെ, ബാന്ദ്ര ഈസ്റ്റിലെ ഖേര്‍വാഡി സിഗ്‌നല്‍ ജംഗ്ഷന് സമീപം, മകന്‍ സീഷാന്‍ സിദ്ദിഖിയുടെ ഓഫീസിന് പുറത്തുവെച്ച് മുതിര്‍ന്ന രാഷ്ട്രീയ നേതാവും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മുഖംമൂടി ധരിച്ച മൂന്ന് അക്രമികള്‍, കാറിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്ന സിദ്ദിഖിക്ക് നേരെ പലതവണ വെടിയുതിര്‍ത്തു. നെഞ്ചിലും വയറ്റിലും വെടിയേറ്റതിനെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്.


Click it and Unblock the Notifications
