ടൈഗര്‍ ഷ്രോഫിനെതിരായ വെടിവെപ്പ് ആസൂത്രണം ചെയ്തത് യുഎസില്‍? ആരാണ് അനില്‍ പണ്ഡിറ്റ്
ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്രോഫിനെതിരെ ഇന്നലെ നടന്ന വെടിവെപ്പ് അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകകയാണ്. ലോറന്‍സ് ബിഷ്‌ണോയ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വധശ്രമത്തിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ അനില്‍ പണ്ഡിറ്റ് എന്ന ഒരാളെയാണ് അവര്‍ തങ്ങളുടെ പ്രതിനിധിയായി അയച്ചത്. അമേരിക്കയില്‍ നിന്ന് കൊണ്ടാണ് അനില്‍ പണ്ഡിറ്റ് സംഘത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് എന്നാണ് വിവരം.
ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് വേണ്ടി ഇന്ത്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പണ്ഡിറ്റാണ്. നടന്‍ സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കരുതെന്ന് ടൈഗര്‍ ഷ്രോഫിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും, എന്നാല്‍ അദ്ദേഹം അത് അവഗണിച്ചെന്നുമാണ് ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കൊണ്ട് അനില്‍ പണ്ഡിറ്റ് പറഞ്ഞത്. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് പണ്ഡിറ്റിന്റെ കുറ്റകൃത്യങ്ങളുടെ തുടക്കം.

അമേരിക്കയില്‍ എത്തുന്നതിന് മുമ്പ് കാനഡ, തായ്ലന്‍ഡ്, ദുബായ് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളുണ്ട്. ഹരിയാന, ഡല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ നടന്ന വെടിവെപ്പുകളിലും പിടിച്ചുപറി കേസുകളിലും ഇയാളുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇതില്‍ ചില ആക്രമണങ്ങളില്‍ വിദേശ നിര്‍മ്മിത ആയുധങ്ങളാണ് ഉപയോഗിച്ചത്.
പാനിപ്പത്തിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 32-കാരനായ പണ്ഡിറ്റ് 2023-ല്‍ കാനഡയിലേക്ക് കടന്നു. ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുള്ള ഗുണ്ടാസംഘാംഗം രണ്‍ദീപ് മാലിക്കുമായി ബന്ധം സ്ഥാപിച്ച ഇയാള്‍, പിന്നീട് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ എത്തുകയും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ ചേരുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.
വിദേശത്തിരുന്ന്, കഴിഞ്ഞ ആറ് മാസമായി ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ പണ്ഡിറ്റ് തന്റെ തോക്കുധാരികളുടെ ശൃംഖലയെ ഉപയോഗിച്ചു. ഇതില്‍ പാനിപ്പത്തിലെ വിവിധ സ്ഥലങ്ങളില്‍ പിടിച്ചുപറിയുമായി ബന്ധപ്പെട്ട് നടന്ന വെടിവെപ്പുകളും ഉള്‍പ്പെടുന്നു.
ഹരിയാന പൊലീസും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും ഇടപെട്ട് ഈ കേസുകളില്‍ ഉള്‍പ്പെട്ട തോക്കുധാരികളെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയില്‍ സജീവമായ കുറ്റവാളി സംഘങ്ങളും വിദേശ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിവാക്കുന്നതായിരുന്നു ഈ സംഭവം. ഡല്‍ഹിയില്‍ നടന്ന ഒരു വെടിവെപ്പ് കേസിലും പണ്ഡിറ്റിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.
ഡല്‍ഹിയിലെ പശ്ചിം വിഹാറില്‍, ഗായകന്‍ ഗുരു രന്ധാവ പതിവായി പോകുന്ന ഒരു ജിമ്മില്‍ നടന്ന വെടിവെപ്പിന് പിന്നില്‍ ഇയാളാണെന്ന് ആരോപിക്കപ്പെടുന്നു. ഈ കേസില്‍, ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ചും സ്‌പെഷ്യല്‍ സെല്ലും ചേര്‍ന്ന് പണ്ഡിറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന നാല് തോക്കുധാരികളെ അറസ്റ്റ് ചെയ്തു. ഇവര്‍ സിഗ്‌നല്‍ ആപ്പ് വഴിയാണ് പണ്ഡിറ്റുമായി ആശയവിനിമയം നടത്തിയിരുന്നത്.
കൂടാതെ വിദേശ നിര്‍മ്മിത ആയുധങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഡല്‍ഹിയിലെ വെടിവെപ്പ് നടന്ന് ഏകദേശം 15 ദിവസങ്ങള്‍ക്ക് ശേഷം, പൂനെയിലെ ഒരു ജ്വല്ലറിയില്‍ മറ്റൊരു വെടിവെപ്പ് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു; അവിടെയും ഇയാളുടെ പേര് ഉയര്‍ന്നുവന്നു. വെടിവെപ്പ് നടത്തിയവരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പണ്ഡിറ്റുമായും, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹായി എന്ന് കരുതപ്പെടുന്ന ശുഭം ലോങ്കര്‍ എന്ന മറ്റൊരു കുറ്റവാളിയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തി.
പൂനെയില്‍ വെടിവെപ്പ് നടത്തിയ മൂന്നുപേരും രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്നതിനായി മാത്രമാണ് ഇവര്‍ പൂനെയില്‍ എത്തിയതെന്ന് ആരോപിക്കപ്പെടുന്നു. ഹരിയാനയില്‍ ഗായകന്‍ ദിലേര്‍ ഖരാക്കിയയുടെ കാറിനുനേരെ നടന്ന വെടിവെപ്പ് കേസിലും പണ്ഡിറ്റിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. പണം തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണം.
തുടര്‍ന്ന് സോനിപത്തില്‍, ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ചും ഹരിയാന എസ്ടിഎഫും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിടെ, ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ രോഹിത് ദാഹിയ എന്ന ഷൂട്ടര്‍ക്ക് പരിക്കേറ്റു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാന നേതാക്കളിസല്‍ ചിലരാണ് രണ്‍ദീപ് മാലിക്, ഹാരി ബോക്‌സര്‍, ഹര്‍മന്‍ സന്ധു, അനില്‍ പണ്ഡിറ്റ്, ടൈസണ്‍ ബിഷ്‌ണോയി, ശുഭം ലോങ്കര്‍ എന്നിവര്‍
ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹര്‍മന്‍വീര്‍ സിംഗ് എന്ന ഹര്‍മന്‍ സന്ധുവിന്റെ പേരും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. രവീന്ദര്‍ സിംഗ് ധണ്ഡ എന്ന കുറ്റവാളിയുടെ മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. മയക്കുമരുന്ന് കടത്തും മറ്റ് രാജ്യങ്ങളിലേക്ക് ലഹരിവസ്തുക്കള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇയാളുടെ പങ്കിനെക്കുറിച്ച് യുഎസ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
1994-ല്‍ പഞ്ചാബില്‍ ജനിച്ച സന്ധുവിന് 'ഹരി ഗൗതം' എന്നൊരു പേരു കൂടിയുണ്ട്. ഈ വര്‍ഷം ജൂണില്‍, കാലിഫോര്‍ണിയ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് വില്‍ക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇതിനുപിന്നാലെ, യുഎസിലെ കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തു.
അതേ മാസം തന്നെ, ലോസ് ഏഞ്ചല്‍സില്‍ വെച്ച് യുഎസ് ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍ പ്രഖ്യാപിച്ചു. ലോറന്‍സ് ബിഷ്‌ണോയി, ജഗ്ഗു ഭഗവാന്‍പുരിയ, രവീന്ദര്‍ ധണ്ഡ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായിരുന്നു ഇത്.


Click it and Unblock the Notifications
