ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തൂ; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് നിശിത വിമര്‍ശനവുമായി സുപ്രീം കോടതി. ലഡ്ഡു നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് കലര്‍ന്ന നെയ്യ് ഉപയോഗിച്ചു എന്ന് സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ടും കൈയിലില്ല എന്നിരിക്കെ ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട കാര്യം എന്തായിരുന്നു കോടതി സര്‍ക്കാരിനോട് ചോദിച്ചു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു
വിവാദ വിഷയത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരസ്യപ്രസ്താവനകളെ കോടതി വിമര്‍ശിച്ചു. ഒരു ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് ഉത്തരിവിട്ടിരിക്കെ അതിന്റെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പെ അത് സ്ഥിരീകരിച്ചുള്ള പ്രസ്താവനകള്‍ നടത്തേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു എന്നും കോടതി ചോദിച്ചു.

ലഡുവുണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചുവെന്നതിന് തെളിവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി, രാജ്യസഭാ എംപിയും മുന്‍ ടിടിഡി ചെയര്‍മാനുമായ വൈ വി സുബ്ബ റെഡ്ഡി, ചരിത്രകാരനായ വിക്രം സമ്പത്ത് എന്നിവരായിരുന്നു ഹര്‍ജി നല്‍കിയത്.
നെയ്യ് 'അശുദ്ധമായി' എന്ന് സ്ഥിരീകരിക്കാനുള്ള തെളിവില്ലെന്നും അഥവാ അത് 'അശുദ്ധി'യായിട്ടുണ്ടെങ്കില്‍ അവ ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചുവെന്നതിനും സ്ഥിരീകരണമില്ല എന്നും സുപ്രീം കോടതി പറഞ്ഞു. സംഭവത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. പരിശോധന നടത്തിയ ലാബ് റിപ്പോര്‍ട്ട് 'ഫാള്‍സ് പോസിറ്റീവ്' ആണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
പരിശോധനയ്ക്ക് വിധേയമാക്കിയ നെയ്യ് നിരസിച്ച സാമ്പിളാണെന്നാണ് ലാബ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ആന്ധ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര കോടതി പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത നെയ്യാണോ ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചതെന്ന് സിദ്ധാര്‍ത്ഥ് ലൂത്രയോട് ജസ്റ്റിസ് ബിആര്‍ ഗവായ് ചോദിച്ചു. ഇത് അന്വേഷണത്തിലാണെന്നായിരുന്നു ലൂത്രയുടെ മറുപടി.
ഇതോടെയാണ് പിന്നെന്തിനാണ് നിങ്ങള്‍ ഇത്തരം ഒരു നിഗമനത്തിലും സ്ഥിരീകരണത്തിലും എത്തിയത് എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. മതവികാരം മാനിക്കണമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. മലിനമായ നെയ്യാണ് പ്രസാദം ഉണ്ടാക്കാന്‍ ഉപയോഗിച്ചതെന്നതിന് തെളിവും സുപ്രീം കോടതി തേടിയിട്ടുണ്ട്. അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറുന്ന കാര്യം പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം എന്നാണ് വിവരം.
പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമാണ് ലഡ്ഡു. ഇതില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നു എന്ന ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരുന്നത്. തിരുപ്പതിയില്‍ പ്രതിദിനം 1,500 കിലോഗ്രാം നെയ്യും കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഏലക്ക, ചെറുപയര്‍, പഞ്ചസാര എന്നിവയും ഉപയോഗിച്ച് ഏകദേശം മൂന്ന് ലക്ഷം ലഡ്ഡൂകള്‍ ആണ് നിര്‍മ്മിക്കുന്നത്. തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള ഒരു വിതരണക്കാരനില്‍ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള നെയ്യ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications