ഭർത്താവിനെ തേടിയെത്തി കാമുകി, വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ; വീഡിയോ വൈറൽ
ഹൈദരാബാദ്: വിവേഹതര ബന്ധങ്ങളുടെ പേരിൽ ദമ്പതികൾ പരസ്പരം അപായപ്പെടുത്തുന്നതായ നിരവധി സംഭവങ്ങൾ വാർത്തയായിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഭർത്താവിന്റെ മുൻകാമുകിയെ ഭാര്യ തന്നെ ഇടപെട്ട് വിവാഹം ചെയ്ത് കൊടുത്തതാണ് സോഷ്യൽ മീഡിയെ അമ്പരിപ്പിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ-

ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള നെല്ലൂർ ജില്ലയിലെ ഡക്കിലിയിലുള്ള അംബേദ്കർ നഗറിലാണ് വിവാഹ വേദി. അംബേദ്കർ നഗർ സ്വദേശിയായ കല്യാൺ ആണ് കഥയിലെ നായകൻ. ടിക് ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. രണ്ട് വർഷം മുൻപായിരുന്നു ഇരുവരേയും വിവാഹം.ടിക്ക് ടോക്കിൽ വളരെ സജീവമാണ് കല്യാണും വിമലയും . ഇരുവരുടേയും വീഡിയോകൾക്ക് ആരാധകർ ഏറെയുണ്ട്.

കഴിഞ്ഞ ദിവസം കല്യാണിനെ തേടി വിശാഖപട്ടണത്ത് നിന്ന് നിത്യശ്രീയെന്ന യുവതി എത്തിയതോടെയാണ് കഥയിലെ ട്വിസ്റ്റ്. വിവാഹത്തിന് മുൻപ് കല്യാണിന്റെ കാമുകിയായിരുന്നു നിത്യശ്രീ. ടിക് ടോക്കിലൂടെ തന്നെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ഏറെ നാൾ പ്രണയിച്ചു. എന്നാൽ ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നു. കല്യാണുമായി പ്രണയം തകർന്നെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല.

പിരിയാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി
കല്യാണിനെ തേടി നിത്യശ്രീ എത്തുകയായിരുന്നു. ഒരുപാട് നാളത്തെ ശ്രമത്തിനൊടുവിലാണ് മേൽ വിലാസം കണ്ടെത്തിയതെന്നും ഇനി കല്യാണില്ലാതെ ജീവിക്കാൻ സാധിക്കില്ലെന്നും നിത്യശ്രീ വിമലയോട് വ്യക്തമാക്കുകയായിരുന്നു. യുവതിയുടെ കഥ കേട്ട വിമലയുടെ മനസ് അലിഞ്ഞു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

ഉടൻ തന്നെ നിത്യശ്രീ ബന്ധുക്കളെയെല്ലാം കാര്യങ്ങൾ അറിയിച്ചു. എന്നാൽ വിമലയുടെ തീരുമാനത്തിൽ ബന്ധുക്കൾ കടുത്ത എതിർപ്പുയർത്തി. പക്ഷേ ഈ എതിർപ്പുകളെയെല്ലാം തള്ളി തന്റെ ഭർത്താവിനെ മുൻ കാമുകിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വിമല തയ്യാറാവുകയായിരുന്നു.

കഴിഞ്ഞ ദിവസം ഡക്കിളിയിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം നടന്നത്. വിമലയും വിവാഹത്തിന് സാക്ഷിയായി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കല്യാണിന് അടുത്ത് തന്നെ നിന്ന് ചടങ്ങുകളെല്ലാം നടത്തുന്ന കല്യാണിനെ വീഡിയോയിൽ കാണാൻ കഴിയും.

വിവാഹം നടത്തിക്കൊടുത്തെങ്കിലും തന്റെ ഭർത്താവിന് മുൻപിൽ വിമല ഒരു ഉപാധി വെച്ചിട്ടുണ്ട്. തന്നെയും ജീവിതത്തിൽ ഇരുവർക്കും ഒപ്പം കൂട്ടണമെന്ന്. എന്തായാലും വിമലയുടെ നടപടി ശരിക്കും ഞെട്ടിച്ചെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സിനിമയിലാണെങ്കിലും ഇത്തരം സംഭവങ്ങളിൽ ഭാര്യ വില്ലത്തിയാകാറാണ് ഉള്ളതെന്നാണ് പലരുടേയും കമന്റ്.












Click it and Unblock the Notifications