തൃണമൂല്‍ തകരുന്നു; മമത 'ഇന്ത്യ' യോഗത്തില്‍ ഇരിക്കെ നാടകീയ നീക്കം, എംപിമാര്‍ രഹസ്യകേന്ദ്രത്തില്‍
ന്യൂഡല്‍ഹി: മമത ബാനര്‍ജി ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കവെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പടയൊരുക്കം. തൃണമൂലിന്റെ എംപിമാരില്‍ 20 പേര്‍ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെടാതെ രഹസ്യകേന്ദ്രത്തില്‍ കഴിയുന്നു എന്ന് റിപ്പോര്‍ട്ട്. ഇവര്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തതോടെ തൃണമൂല്‍ നേതാക്കള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല.
മമതയ്‌ക്കൊപ്പം അഭിഷേക് ബാനര്‍ജിയും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് എത്തിയിട്ടുണ്ട്. അഭിഷേക് ബാനര്‍ജിയുടെ നേതൃത്വം അംഗീകരിക്കില്ല എന്നാണ് വിമതരുടെ നിലപാട്. ദേശീയ സെക്രട്ടറിയായി അഭിഷേക് തുടരാനാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി എടുത്ത തീരുമാനം. ഇതോടെയാണ് വിമത നീക്കം ശക്തമായത്. വിമതര്‍ക്ക് രണ്ട് പദ്ധതികളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് വിമതര്‍ കത്ത് നല്‍കിയേക്കും. പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ അനുമതി തരണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കുക. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ രാജിവയ്ക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഈ നീക്കം നടന്നാല്‍ കൂറുമാറ്റ നിരോധന നിയമം ഉപയോഗിക്കാന്‍ മമത ഒരുങ്ങും.
അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി സുഖേന്ദു ശേഖര്‍ റോയ് രാജിവച്ചു. എംപി സ്ഥാനത്തിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. ബംഗാളില്‍ ഭരണം പിടിച്ച ബിജെപിയെ പുകഴ്ത്തിയ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യമാണ് എന്ന് വിമര്‍ശിക്കുകയും ചെയ്തു. അഴിമതിയും ഭരണ പരാജയവുമാണ് ബംഗാളിലെ ഭരണം നഷ്ടമാകാന്‍ കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായ ശേഷം പാര്‍ട്ടി പൂര്‍ണമായും തകരുന്ന കാഴ്ചയാണ്. 80 എംഎല്‍എമാരില്‍ 60 പേരും മമതയ്‌ക്കൊപ്പമില്ല. വിമത നേതാവ് ഋതപ്രത ബാനര്‍ജിക്കൊപ്പമാണ് ഇവരുള്ളത്. അതിന് പുറമെയാണ് 41 എംപിമാരില്‍ 20 പേര്‍ കളംമാറുന്നത്. വിമത എംപിമാര്‍ ബിജെപി നേതാവ് ഭൂപേന്ദര്‍ യാദവിന്റെ വീട്ടിലാണുള്ളത് എന്ന് റിപ്പോര്‍ട്ടുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരി ഡല്‍ഹിയിലുണ്ട്. സുപ്രധാന നീക്കങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയതത്രെ. തൃണമൂല്‍ എംപിമാര്‍ രഹസ്യകേന്ദ്രത്തില്‍ തുടരാന്‍ കാരണവും ഇതാണ്. ഇവര്‍ക്ക് സ്പീക്കര്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുമോ, എല്ലാവരും തൃണമൂലില്‍ നിന്ന് രാജിവെക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് തിരിച്ച തൃണമൂലിന്റെ എംപി പൊടുന്നനെ ഡല്‍ഹിയിലേക്ക് വന്നിട്ടുണ്ട്. ഇതെല്ലാം സുപ്രധാന നീക്കം ഡല്‍ഹിയില്‍ നടക്കുന്നു എന്ന സൂചന നല്‍കുന്നു. ബംഗാളില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ പോലീസ് നടപടി ശക്തമാണ്. നിരവധി പ്രാദേശിക നേതാക്കള്‍ അറസ്റ്റിലായി. പലരും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി നേരിടുന്നുണ്ട്. മമതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നു എന്നാണ് ആരോപണം. തൃണമൂലിന്റെ രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക് മാറിയാല്‍ ബിജെപിക്ക് രാജ്യസഭയില്‍ കരുത്ത് വര്‍ധിക്കും.
















Click it and Unblock the Notifications