കുട്ടിയുടുപ്പിട്ടു, പുകവലിച്ചു; പെണ്‍കുട്ടിക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം
കൊല്‍ക്കത്ത: കുട്ടിയുടുപ്പിട്ടതിന്റെ പേരില്‍ ഒരുസംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ അപമാനിച്ചതായി പരാതി. കൊല്‍ക്കയിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലി കഴിഞ്ഞുമടങ്ങുകയായിരുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആണ്‍ സുഹൃത്തിനൊപ്പം മടങ്ങുമ്പോള്‍ നേതാജി നഗറിലെ ഗാന്ധി കോളനിയില്‍ വെച്ചായിരുന്നു ഇരുവരെയും തടഞ്ഞു നിര്‍ത്തിയത്. കുട്ടിയുടുപ്പിട്ടത് എന്തിനാണെന്നും പുകവലിക്കുന്നത് തടയുമെന്നും സംഘം ആക്രോശിച്ചു. പെണ്‍കുട്ടി ഉടന്‍ എമര്‍ജന്‍സി നമ്പറില്‍ പോലീസിനെ വിളിച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ എന്തെങ്കിലും തെളിവു ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് പോലീസ് പട്രോളിങ് ഉണ്ടായിരുന്നെങ്കിലും അക്രമി സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് കരുതുന്നതെന്നും പോലീസ് ഓഫീസര്‍ ദേബാശിഷ് ചക്രബര്‍ത്തി വ്യക്തമാക്കി.
പെണ്‍കുട്ടിയെ വീട്ടില്‍ ചെന്ന് മൊഴിയെടുത്തിട്ടുണ്ട്. പ്രശ്‌നത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം ഉള്ളതായി കരുതുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സദാചാര പോലീസുകാര്‍ ചമഞ്ഞാണ് സംഘം പ്രശ്‌നമുണ്ടായതെന്നാണ് പെണ്‍കുട്ടി പറയുന്നത്. കുട്ടിയുടുപ്പിട്ടതും പുകവലിച്ചതും അക്രമി സംഘത്തിന് ഇഷ്ടമായില്ലെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications