ഭരണം പോയി, ഇപ്പോൾ പാർട്ടിയും കൈവിട്ടു! മമതയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നു? ഞെട്ടിക്കുന്ന നീക്കം
പശ്ചിമ ബംഗാളിൽ തകർന്നടിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലും കനത്ത തിരിച്ചടി. പാർട്ടി സ്ഥാപകയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതായി പാർട്ടിക്കുള്ളിലെ വിമത വിഭാഗം പ്രഖ്യാപിച്ചു. ഹൗറ സെൻട്രലിൽ നിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ പാർട്ടിയുടെ പുതിയ അധ്യക്ഷനായി വിമതർ ചേർന്ന യോഗം തെരഞ്ഞെടുത്തു. മമതയെ മാറ്റിയതിന് തൊട്ടുപിന്നാലെ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും വിമത ക്യാമ്പ് അറിയിച്ചു. മമത ബാനർജി തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട വൻ പരാജയത്തിന് പിന്നാലെയാണ് പാർട്ടിയിൽ ഈ പിളർപ്പ് രൂപപ്പെട്ടത്.
രഹസ്യ യോഗം; പുതിയ വർക്കിംഗ് കമ്മിറ്റിക്ക് അംഗീകാരം
കൊൽക്കത്ത ന്യൂ ടൗണിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെയും വിമത എംഎൽഎമാരുടെയും നേതൃത്വത്തിലാണ് പ്രത്യേക യോഗം വിളിച്ചുചേർത്തത്. കൊൽക്കത്ത, ഹൗറ, മുർഷിദാബാദ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പ്രമുഖ നേതാക്കളായ ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ തുടങ്ങിയ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പാർട്ടിക്ക് ഉള്ളിലെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാനാണ് ഈ യോഗമെന്നാണ് വിമതരുടെ വാദം.

പാർട്ടി ഭരണഘടന അനുസരിച്ച് ഓരോ മൂന്ന് വർഷം കൂടുമ്പോഴും ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. എന്നാൽ 2022 ഫെബ്രുവരിയിൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടും പുതിയ കമ്മിറ്റി രൂപീകരിക്കാൻ മമത തയ്യാറായില്ലെന്ന് ഋതബ്രത ബാനർജി ആരോപിച്ചു. തുടർന്നാണ് യോഗം ഏകകണ്ഠമായി 30 അംഗങ്ങളുള്ള പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റിക്ക് അംഗീകാരം നൽകിയത്. പുതിയ ഭാരവാഹികളായി ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരെ വൈസ് ചെയർപേഴ്സൺമാരായും ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. കൂടാതെ പാർട്ടിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഒരു സ്വതന്ത്ര ഓഡിറ്ററെ വെക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
നിയമസഭയിലും പാർലമെന്റിലും മമതയ്ക്ക് വൻ തിരിച്ചടി
തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നാണ് പുതിയ കമ്മിറ്റിയുടെ വാദം. നിലവിൽ പശ്ചിമ ബംഗാൾ നിയമസഭയിൽ 65 ഓളം എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെടുന്നു. മമത ബാനർജി നിർദ്ദേശിച്ച എംഎൽഎയെ തള്ളി ഭൂരിപക്ഷം പേരും ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതോടെയാണ് പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായത്.
നിയമസഭയിലെ ഈ പ്രതിസന്ധിക്ക് പുറമെ ലോക്‌സഭയിലും മമതയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ആകെ ഉണ്ടായിരുന്ന 28 ടിഎംസി എംപിമാരിൽ 20 പേരും പാർട്ടി വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിച്ചു കഴിഞ്ഞു. ഇവർ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡൽഹിയിലും മമത പൂർണ്ണമായും ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പുതിയ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും വിമതർ വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ്ട് 15 വർഷത്തെ ഭരണത്തിന് ശേഷം ബംഗാളിൽ അധികാരം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസ് ഇപ്പോൾ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്.












Click it and Unblock the Notifications