'ഇന്ത്യ ഭരിക്കാൻ മോദിക്ക് ഗ്യാരണ്ടി കോൺഗ്രസ്', ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്ന് തോമസ് ഐസക്
രാജ്യസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. 6 കോൺഗ്രസ് എംഎൽഎമാരാണ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതോടെ ബിജെപി വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവർണറെ കണ്ടിരിക്കുകയാണ്. രാജ്യ ഭരിക്കാൻ മോദിക്ക് ഗ്യാരണ്ടി കോൺഗ്രസ് ആണെന്ന് വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. ടിഎം തോമസ് ഐസക്.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഹിമാചൽപ്രദേശിൽ നിന്നുള്ള വാർത്ത കേട്ടില്ലേ. ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തത്രേ. എട്ടിന്റെ പണി കിട്ടിയത് പാർടിയിലെ അഖിലേന്ത്യാ പ്രമുഖനെയാണ്. കോൺഗ്രസ്സിന്റെ പ്രമുഖവക്താവായിരുന്ന സാക്ഷാൽ മനു അഭിഷേക് സിംഗ്വിയെയാണ് കോൺഗ്രസിന്റെ എംഎൽഎമാർ കാലുവാരി പരാജയപ്പെടുത്തിയത്.
സിംഗ് വിയുടെ പ്രതികരണമാണ് തമാശ. തലേദിവസം ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവർ നേരം വെളുത്തപ്പോൾ മറുപക്ഷത്തിന് ക്രോസ് വോട്ടു ചെയ്തുവെന്ന് അദ്ദേഹം പരിതപിക്കുന്നു. തലേന്ന് ഉറങ്ങാൻപോകുന്നതുവരെ കൂടെ നിൽക്കുക. വെളുക്കും മുമ്പ് ഉണർന്ന് മറുകണ്ടം ചാടുക.

ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏകസംസ്ഥാനമാണ് ഹിമാചൽ പ്രദേശ് ആണ്. സാമാന്യം നല്ല ഭൂരിപക്ഷത്തോടെയാണ് ഈ ചെറു സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസ്സിനെ തെരഞ്ഞെടുത്തതും. ആകെയുള്ള അറുപത്തെട്ട് സീറ്റുകളിൽ 40 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. അവിടെയാണ് ഒരു അഖിലേന്ത്യാ നേതാവിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് എംഎൽഎമാർ കൈവിട്ട കളി കളിച്ചത്. ഇതൊന്നും ആദ്യത്തെ സംഭവമല്ല. ഇന്ത്യ ഭരിക്കാൻ കോൺഗ്രസാണ് മോദിയ്ക്ക് ഗ്യാരണ്ടി.
ഇന്നത്തെ കോൺഗ്രസ്, നാളത്തെ ബിജെപി. പോകുന്നത് ആരുമാകാം. മുഖ്യമന്ത്രിമാരും പിസിസി പ്രസിഡന്റുമാരുമൊക്കെ നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് ബിജെപിയുടെ കൊടിപിടിക്കുന്നത് എത്രയോ നാളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ആ ചരിത്രത്തിലേയ്ക്കുള്ള ഹിമാചൽ പ്രദേശിന്റെ സംഭാവനയാണ് നമ്മൾ ഇന്നലെ കണ്ടത്. കേരളത്തിലെ ജനങ്ങൾ ആലോചിക്കൂ.
ഐ വിൽ ഗോ വിത്ത് ബിജെപി എന്നൊക്കെ പരസ്യമായി ആക്രോശിക്കാനും ആർഎസ്എസുമായി കോൺഗ്രസിന് ഒരു പ്രശ്നവുമില്ലെന്നു അഭിമാനത്തോടെ അവകാശപ്പെടാനും ഒരു മടിയുമില്ലാത്തവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. മനവും തനുവും ആർഎസ്എസായി മാറിക്കഴിഞ്ഞവർ. ആകെയുള്ളത് ഒരു വെളുത്ത കുപ്പായത്തിന്റെ മറ മാത്രം.
അവരല്ല, കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയുടെ പ്രതിനിധികളാവേണ്ടത്. ഇനിയുമധികം കോൺഗ്രസുകാർ ചാടാതിരിക്കണമെങ്കിൽ പാർലമെന്റിൽ ബിജെപിയ്ക്കെതിരെ കുലുങ്ങാത്ത ഇടതുപക്ഷത്തിന്റെ അംഗബലമുയരണം. അതാണ് ഈ തെരഞ്ഞെടുപ്പിൽ കേരളജനത ഏറ്റെടുത്തിരിക്കുന്ന നിയോഗം.












Click it and Unblock the Notifications