കാബിനുള്ളില്‍ ഉയര്‍ന്ന ചൂട്; ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കൊല്‍ക്കത്തയിലിറക്കി
കൊല്‍ക്കത്ത: ജപ്പാനിലെ ടോക്കിയോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുകയായിരുന്നു എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് വഴി തിരിച്ചുവിട്ടു. യാത്രക്കാരുടെ ക്യാബിനില്‍ താപനിലയില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി വഴി തിരിച്ചുവിട്ടത്.
ക്യാബിനിലുണ്ടായ ഉയര്‍ന്ന ചൂടു കാരണമാണ് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ വിമാനം കൊല്‍ക്കത്തയില്‍ ഇറക്കിയത്. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തെ കൊല്‍ക്കത്തയില്‍ വച്ച് സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കി. യാത്രക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് പോകാനായി ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ നിന്നാണ് എഐ 357 വിമാനം ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ടത്. യാത്ര പൂര്‍ത്തിയാകാറായപ്പോഴാണ് ക്യാബിനുള്ളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടത്.

കൊല്‍ക്കത്തയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ വക്താവ് ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. വിമാനത്തിന്റെ സാങ്കേതിക പരിശോധനകള്‍ തുടരുകയാണെന്നും വക്താവ് അറിയിച്ചു.
അപ്രതീക്ഷിതമായ വഴിതിരിച്ചു വിടല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു. യാത്രക്കാരെ എത്രയും വേഗം ഡല്‍ഹിയില്‍ എത്തിക്കുന്നതിനായി ഗ്രൗണ്ട് സ്റ്റാഫ് അവരെ സഹായിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
241 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തെ തുടര്‍ന്ന് വിമാനങ്ങള്‍ക്ക് അടിക്കടി ഉണ്ടാകുന്ന സാങ്കേതിക കരാറുകള്‍ യാത്രക്കാരെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്. വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാബിനില്‍ പുക മണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. 45 മിനിറ്റോളം പറന്ന ശേഷമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.












Click it and Unblock the Notifications