120ല്‍ നിന്ന് റോക്കറ്റ് വിട്ടപോലെ കുതിച്ച് തക്കാളി വില; 200ന് മുകളിലെത്തി, കാരണം ഇതാണ്
ന്യൂഡല്‍ഹി: തക്കാളി വില വീണ്ടും ഇന്ത്യയില്‍ കുതിച്ചുയരുന്നു. സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളിലായി വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പൂര്‍ണമായും പിടിച്ചുനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ചില്ലറവിപണിയില്‍ 300 ശതമാനം വര്‍ധവനവാണ് ഇപ്പോള്‍ തക്കാളി വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ സര്‍ക്കാരിന്റെ ഇടപെടലോടെ തക്കാളി കിലോയ്ക്ക് 120 രൂപ നിരക്കില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുന്നൂറ് രൂപയ്ക്ക് മുകളിലേക്കാണ് വില ഉയര്‍ന്നിരിക്കുന്നത്. ഡല്‍ഹിയില്‍ 250 മുതല്‍ 260 രൂപ വരെയാണ് തക്കാളിയുടെ വില. ആസാദ്പൂര്‍ മണ്ഡിയില്‍ 150 മുതല്‍ 200 രൂപ വരെയാണ് ഈടാക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചെറുകിട കച്ചവട കേന്ദ്രമാണിത്.ഉപയോക്തൃകാര്യ മന്ത്രാലയത്തിന്റെ ഡാറ്റപ്രകാരം ഡല്‍ഹിയിലെ തക്കാളി വില 213 ആയി ഉയര്‍ന്നുവെന്നാണ് കാണിക്കുന്നത്.

ജൂലായ് ഇരുപതിന് തലസ്ഥാന നഗരിയിലെ തക്കാളി വില 120 രൂപയായി കുറഞ്ഞിരുന്നു. ഓഗസ്റ്റ് മൂന്നിലെ കണക്ക് പ്രകാരം രാജ്യത്താകെ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 140 രൂപയാണ്. ഒരു ദിവസം മുമ്പ് ഇത് 137 രൂപയായിരുന്നു. ശരാശരി വില 132 ആണ്. ഒരാഴ്ച്ച മുമ്പ് 120 രൂപയായിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ധ്‌ഷെഹറിലാണ് റെക്കോര്‍ഡ് വില. കിലോയ്ക്ക് 263 രൂപയ്ക്കാണ് ഇവിടെ തക്കാളി വിറ്റത്. തക്കാളി വില റെക്കോര്‍ഡ് വേഗത്തില്‍ പലയിടത്തും ഉയര്‍ന്ന് തുടങ്ങിയെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
അതേസമയം തക്കാളി വില കിലോയ്ക്ക് 300 രൂപ എത്തിയേക്കാമെന്ന മുന്നറിയിപ്പാണ് മൊത്ത വ്യാപാരികള്‍ നല്‍കുന്നത്. തക്കാളി വില ഇങ്ങനെ വര്‍ധിക്കുന്നതിന് കാരണമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പ്രധാന കാരണം വിതരണ ശൃംഖല തടസ്സപ്പെട്ടതാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കനത്ത മഴയെ തുടര്‍ന്നാണ് വിതരണം തടസ്സപ്പെട്ടത്. തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന മേഖലകളിലെല്ലാം ഇത്തവണ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
ആസാദ്പൂര്‍ മാണ്ഡിയിലെ മൊത്ത കച്ചവടക്കാരനായ സഞ്ജയ് ഭഗത്തിനും പറയാനുള്ളത് തക്കാളി വിപണിയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രയാസത്തെ കുറിച്ചാണ്. ഹിമാചല്‍ പ്രദേശിലെ കനത്ത മഴയും, മണ്ണിടിച്ചിലുമെല്ലാം വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും മഴയെ തുടര്‍ന്ന് കനത്ത കൃഷിനാശവും ഉണ്ടായിട്ടുണ്ട്. സാധാരണ എടുക്കുന്നതിനേക്കാള്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൂടുതലായി വിതരണത്തിന് ഇപ്പോള്‍ എടുക്കുന്നുണ്ടെന്ന് സഞ്ജയ് ഭഗത് പറയുന്നു.
ഇതെല്ലാം തക്കാളി വില ഇനിയും ഉയരാന്‍ കാരണമാകും. മുന്നൂറ് രൂപ വരെ വില എത്താന്‍ സാധ്യതയുണ്ടെന്ന് അനില്‍ മല്‍ഹോത്ര പറയുന്നു. അതേസമയം വില കൂടിയത് കൊണ്ട് തക്കാളിക്ക് ആവശ്യകത കുറഞ്ഞിരിക്കുകയാണ്. ഇത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതോടൊപ്പം വിതരണവും കുറഞ്ഞിരിക്കുകയാണ്. തക്കാളി മാത്രമല്ല, ക്യാപ്‌സിക്കം, കോളിഫ്‌ളവര്‍, ക്യാബേജ് തുടങ്ങിയവയും ആളുകള്‍ വാങ്ങാന്‍ മടിക്കുകയാണ്.












Click it and Unblock the Notifications