ടൂള്‍ കിറ്റ്;‘മാനിപുലേറ്റഡ് മീഡിയ’ടാഗ് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ
ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി വക്താവും പാർട്ടി ഐടി സെല്‍ തലവനുമായ സാംബിത് പാത്രയുടെ ആരോപണം കൃത്രിമമെന്ന് അടയാളപ്പെടുത്തിയ ട്വിറ്റർ നടപടിക്കെതിരെ കേന്ദ്രസർക്കാർ. സാംബിത് പാത്ര ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകള്‍ക്ക് 'മാനിപുലേറ്റഡ് മീഡിയ' എന്ന ടാഗ് നൽകിയത് നീക്കണമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൃത്രിമം (മാനിപ്പുലേറ്റഡ്) എന്ന് അടയാളപ്പെടുത്തിയത് മുൻവിധിയോടെയാണെന്നും ന്യായവും സമത്വവും പരിഗണിച്ച് ടാഗുകൾ നീക്കം ചെയ്യണമെന്നും കേന്ദ്രസർക്കാർ ട്വിറ്റിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. നടപടി ട്വിറ്ററിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുക മാത്രമല്ല, ഒരു ഇടനിലക്കാരനെന്ന നിലയിൽ ട്വിറ്ററിന്റെ പദവിയും ചോദ്യം ചെയ്യപ്പെടുമെന്നും കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.
സമൂഹത്തിൽ തെറ്റായ വിവരങ്ങളും അശാന്തിയും പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബിജെപി മേധാവി ജെ പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ അക്കൗണ്ടുകൾ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ട്വിറ്ററിനെ സമീപിച്ചിരുന്നു. ഇതിന് പി്നനാലെയാണ് കേന്ദ്രത്തിന്റെ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സര്‍ക്കാറിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കി എന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ബിജെപി നേതാവ് സാംബിത് പാത്ര രംഗത്തെത്തിയത്. കോണ്‍ഗ്രസിന്‍റെ ലെറ്റര്‍ ഹെഡിലുള്ള ഒരു പ്രസ്താവനയാണ് സാംബിത് പാത്ര പങ്കുവെച്ചത്. ഇത് വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് സൈറ്റുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications