കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് 4 പേര്‍ വിട്ടുനിന്നു; സുപ്രധാന ചര്‍ച്ചകള്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചു. നാല് മണിക്ക് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം. 57 നേതാക്കള്‍ക്കാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്. എന്നാല്‍ നാല് പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി, മറ്റു രണ്ടു നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
89കാരനായ മന്‍മോഹന്‍ സിങിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതാണ് അദ്ദേഹം വിട്ടുനില്‍ക്കാന്‍ കാരണം. പാര്‍ട്ടിയുടെ പാര്‍ലമെന്ററി കമ്മിറ്റി യോഗം ഇന്ന് രാവിലെ നടന്നിരുന്നു. നാളെ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ എടുക്കേണ്ട നിലപാട് സംബന്ധിച്ചായിരുന്നു ചര്‍ച്ച. തുടര്‍ന്നാണ് വൈകീട്ട് നാല് മണിക്ക് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. രാവിലെ നടന്ന യോഗത്തിലും മന്‍മോഹന്‍ സിങ് പങ്കെടുത്തിരുന്നില്ല.

കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ നിന്ന് സോണിയ ഗാന്ധി മാറണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇടക്കാല പ്രസിഡന്റാണ് സോണിയ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാജിവച്ചപ്പോള്‍ സോണിയ ഇടക്കാല പ്രസിഡന്റാവുകയായിരുന്നു. രാഹുല്‍ ഗാന്ധി വീണ്ടും പ്രസിഡന്റാകണം എന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. പ്രവര്‍ത്തക സമിതിയില്‍ രാഹുലിനെ പിന്തുണയ്ക്കുന്നവരാണ് കൂടുതല്‍. ഗാന്ധി കുടുംബത്തിന് എതിരായ ഒരു തീരുമാനം പ്രവര്‍ത്തക സമിതിയിലുണ്ടാകില്ല എന്നാണ് വിലയിരുത്തുന്നത്.
രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രവര്‍ത്തക സമിതി യോഗത്തിന് തൊട്ടു മുമ്പ് ആവശ്യപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ടില്ല. മന്ത്രിമാരുമായിട്ടില്ല. കോണ്‍ഗ്രസിലെ ഐക്യത്തിന്റെ പ്രതീകമാണ് ഗാന്ധി കുടുംബം. ഇത് എല്ലാവരും മനസിലാക്കണമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
വിഭജനത്തിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയം എളുപ്പമുള്ളതാണ്. കോണ്‍ഗ്രസിനെ ഒരു മുസ്ലിം പാര്‍ട്ടിയാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. സോഷ്യല്‍ മീഡിയ വഴി അതാണ് അവര്‍ പ്രചരിപ്പിക്കുന്നത്. രാജ്യത്തിന്റെ ഐക്യമാണ് ഞങ്ങള്‍ക്ക് പ്രധാനം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ പണപ്പെരുപ്പം, തൊഴില്‍, നിക്ഷേപം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ മാറ്റിവച്ച് ബിജെപി മതം മുന്നിലേക്ക് കൊണ്ടുവരികയാണ് ചെയ്യുകയെന്നും അശോക് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. അതേസമയം, മുകുള്‍ വാസ്‌നികിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം എന്ന് ജി23 നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications