പശ്ചിമ ബംഗാള്‍ നിയമ സഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍
കോണ്‍ഗ്രസ്സും സിപി.എമ്മും നീക്കുപോക്കുകളോടെ മമതയെ ബാനര്‍ജിയെ നേരിടുന്നു എന്നതാണ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.നാരദ ടേപ്പുള്‍പ്പെടെയുളള വിവാദങ്ങള്‍ ചൂടുപിടിച്ചു നില്‍ക്കുന്നതിനാല്‍ മമതയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയിട്ടുണ്ടെന്നതും തിരഞ്ഞെടുപ്പ് ഫലങ്ങളെ പ്രവചനാതീതമാക്കുന്നുണ്ട്. ദശാബ്ദങ്ങള്‍ നീണ്ട ഇടതു ഭരണത്തെ തുടച്ചു നീക്കിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ബംഗാളില്‍ അധികാരത്തിലെത്തുന്നത്.
ആറുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം തിങ്കളാഴ്ച്ച നടന്നു. 18 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടന്നത്.ഇതില്‍ 13 എണ്ണവും മാവോയിസ്റ്റ് ആക്രമണ ഭീഷണി നില നില്‍ക്കുന്ന സ്ഥലങ്ങളാണ്.വോട്ടെടുപ്പ് മെയ് 5 ന് അവസാനിക്കും.മെയ് 16 നാണ് ഫല പ്രഖ്യാപനം.

അഴിമതി
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിനു ശേഷം ആദ്യമായാണ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴിമതി ഒരു പ്രധാന വിഷയമാവുന്നത്.ശാരദാ ചിട്ട് ഫണ്ട് കുംഭകോണവും നാരദ ടേപ്പ് വിവാദവുമൊക്കെ സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ്സ് ഇടതു ധാരണ
കോണ്‍ഗ്രസ്സ് ഇടത് പാര്‍ട്ടികള്‍ ധാരണയിലെത്തിയതാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് നേരിടേണ്ടി വരുന്ന പ്രധാന സംഗതി. പരമ്പരാഗത വൈരികളായ കോണ്‍ഗ്രസ്സ് ,ഇടതു പാര്‍ട്ടികള്‍ ഇത്തവണ മമതയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുന്നത്.

മാധ്യമങ്ങള്‍
ബംഗാള്‍ തിരഞ്ഞെടുപ്പ് വിധിയില്‍ മാധ്യമങ്ങള്‍ക്കു നിര്‍ണായക പങ്കുണ്ട് 2011 ല്‍ മമത ബാനര്‍ജി അധികാരത്തില്‍ വരുമ്പോഴുളള സാഹചര്യങ്ങളല്ല അവര്‍ക്ക് ഇത്തവണ നേരിടേണ്ടി വരിക.മമതയെ പുകഴ്ത്തിയ മാധ്യമങ്ങള്‍ തന്നെ അഴിമതി വിവാദ മുള്‍പ്പെടെയുളളവയില്‍ അവര്‍ക്കെതിരെ തിരിഞ്ഞത് തിരഞ്ഞെടുപ്പിനെ ബാധിക്കും. വോട്ടുകള്‍ ഭിന്നിച്ചു പോകുമെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് വിജയിക്കുമെന്നു തന്നെയാണ് മാധ്യമങ്ങളുടെ പ്രവചനം.സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെന്ന പദവിയും മമത അലങ്കരിക്കുന്നുണ്ട്

ബി.ജെ.പി
ബംഗാള്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി ക്ക് കാര്യമായ റോളൊന്നുമില്ലെങ്കിലും 294 സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ് പാര്‍ട്ടി.താരങ്ങളടക്കമുളളവര്‍ സ്ഥാനാര്‍ത്ഥികളായുണ്ട്.2014 ലെ ലോകസഭ് തിരഞ്ഞെടുപ്പു വിജയം ഇവിടെയും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

കൊല്‍ക്കത്ത ഫ്‌ളൈ ഓവര്‍ ദുരന്തം
മാര്‍ച്ച് 31 നു വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് 24 പേരാണ് മരിച്ചത്. നിര്‍ഭാഗ്യ വശാല്‍ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് ദുരന്തം സംഭവിച്ചത്. ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കിയത് ഇടതു പക്ഷമാണെന്നു പറഞ്ഞു മമത തലയൂരുകയാണ് ചെയ്തത്. നിര്‍മ്മാണത്തിനു ശേഷം പാലം ഉദ്ഘാടനം ചെയ്തിരുന്നെങ്കില്‍ അതിന്റെ അംഗീകാരം ഇടതു പക്ഷത്തിനു മമത നല്‍കുമായിരുന്നോ എന്നായിരുന്നു ഇതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി.കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അപകടത്തില്‍ പരിക്കേറ്റവരെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസ്
സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസുമായി ബംഗാളികള്‍ക്കുളള വൈകാരിക ബന്ധത്തെ മുതലെടുക്കാനാണ് ബി.ജെ.പി ശ്രമം.അതിന്റെ ഭാഗമായാണ് നേതാജിയുടെ പേരമകന്‍ ചന്ദ്രബോസിനെ മമത മത്സരിക്കുന്ന ബബാനിപുര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്.ദേശീയത ആയുധമാക്കി മമതയെ തടയിടുകയാണ് ബി.ജെ.പി ലക്ഷ്യം.












Click it and Unblock the Notifications