ടൊയോട്ടയുടെ ഹൈബ്രിഡ് ഇന്നോവ, പെട്രോളും ഡീസലും വേണ്ട, ഓടുന്നത് എഥനോളില്‍, ലോകത്ത് ആദ്യം
ന്യൂഡല്‍ഹി: ലോകത്തെ ആദ്യ എഥനോള്‍ ഉപയോഗിച്ച് ഓടുന്ന ഹ്രൈബിഡ് കാര്‍ ഇന്ത്യയില്‍ പുറത്തിറക്കി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് എഥനോളില്‍ ഓടുന്ന ടൊയോട്ട ഇന്നോവ എംപിവി ഇലക്ട്രിക് കാര്‍ പുറത്തിറക്കിയത്. പുനരുപയോഗ ഊര്‍ജമായിട്ടാണ് എഥനോള്‍ അറിയപ്പെടുന്നത്. കാര്‍ഷിക മാലിന്യത്തില്‍ നിന്നാണ് ഇവ ഉല്‍പ്പാദിപ്പിക്കുന്നത്. കരിമ്പ്, ചോളം, ബാര്‍ളി പോലുള്ളവയുടെ ബാക്കിയാവുന്ന മാലിന്യത്തില്‍ നിന്നുമാണ് പ്രധാനമായും ഇവ ഉണ്ടാക്കുക.
അതിലുപരി മറ്റ് ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞ ഇന്ധനമാണിത്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ടാലിപൈപ്പ് ടോക്‌സിനുകള്‍ അന്തരീക്ഷത്തിലേക്ക് റിലീസ് ചെയ്യൂ. അതേസമയം എഥനോളില്‍ പൂര്‍ണമായും തന്നെ ഈ കാര്‍ സഞ്ചരിക്കും. ലിഥിയം-ഇയോണ്‍ ബാറ്ററിയും എംപിവിക്കുണ്ട്. ഇവി മോഡില്‍ കാര്‍ ഓടാനുള്ള വൈദ്യുതി ഇതിലൂടെ ലഭിക്കും. എന്നാല്‍ പുതിയ ഇന്നോവയുടെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ എന്നാണ് നിരത്തില്‍ ഇറങ്ങുകയെന്ന കാര്യത്തില്‍ കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഫ്‌ളെക്‌സ്-ഫ്യുവല്‍ വേര്‍ഷന്‍ ഹൈബ്രിഡ് വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമാണ്. ഇപ്പോഴത്തെ എംപിവി മോഡല്‍ ഇതൊന്നും ഇല്ലാത്ത മോഡലാണ്. ഇ100 ഗ്രേഡ് എഥനോളിലാണ് ഇവ പ്രവര്‍ത്തിക്കുക. ഇന്ധന ടാങ്കും, ഇന്ധന പൈപ്പും അടിമുടി മാറ്റിയിട്ടുണ്ട്. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ യൂണിറ്റ്, ഇ85 ഫ്യൂവലുമായി ചേര്‍ന്ന് പോകുന്നതാണ്.
അതേസമയം എഥനോള്‍ ബയോ മാലിന്യങ്ങളില്‍ നിന്ന് ഉണ്ടാക്കുന്നത് ഇന്ത്യക്കാണ് ഏറെ ഗുണം ചെയ്യുക. എഥനോള്‍ ധാരാളം നിര്‍മിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. ഇന്ത്യയില്‍ കൃഷിയിടത്തിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിലൂടെ വലിയ മലിനീകരണം തന്നെ ഉത്തേരന്ത്യയില്‍ സംഭവിക്കാറുണ്ട്. അതെല്ലാം കുറയ്ക്കാന്‍ എഥനോളിന് സാധിക്കും. പെട്രോളിനെ അപേക്ഷിച്ച് മലിനീകരണം കുറയ്ക്കാന്‍ എഥനോളിന് സാധിക്കും. കാരണം ഹൈ ഒക്ടെയിന്‍ നിരക്ക് ഇതിനുണ്ട്. പ്രത്യേകിച്ച് പെര്‍ഫോമസിന്റെ കാര്യത്തിലും ഇത് വാഹനത്തിന് ഗുണം ചെയ്യും. ഇന്നോവയുടെ ഈ മോഡലില്‍ കാറിന്റെ കരുത്തുറ്റ പെര്‍ഫോമന്‍സിന് ഇത് സഹായിക്കും.
അതേസമയം ഇന്ധന വിലയില്‍ വന്‍ ആശ്വാസം തന്നെ വാഹന ഉടമകള്‍ക്ക് എഥനോളിലൂടെ ലഭിക്കും. ഇന്നോവയുടെ പുതിയ മോഡലിനെ എല്ലാ തരത്തിലും ആകര്‍ഷമാക്കുന്നത് ഇക്കാര്യങ്ങളാണ്. പ്രത്യേകിച്ച് പെട്രോളിന് ചെലവാക്കുന്ന തുകയില്‍ കാര്യമായ ആശ്വാസമുണ്ടാവും. കാരണം എഥനോള്‍ വളരെ ചെലവ് കുറഞ്ഞവയാണ്.
ഫ്‌ളെക്‌സ് ഫ്യൂവല്‍ സംവിധാനത്തിലൂടെ ഒരു വാഹനത്തിന്റെ എഞ്ചിന് പെട്രോളിലോ ഗ്യാസിലോ കൂടുതല്‍ എഥനോള്‍ ഉപയോഗിക്കാന്‍ സഹായിക്കും. ബ്രസീലാണ് ഇക്കാര്യത്തില്‍ മുന്നില്‍. 48 ശതമാനമാണ് ഇവിടെ എഥനോള്‍ ഉപയോഗിക്കുന്നതിന്റെ ശരാശരി അളവ്. ഇന്ത്യയില്‍ ഇത് 20 ശതമാനമാണ്. ഈ രീതിയിലേക്ക് നിരവധി വാഹനങ്ങള്‍ മാറിയിട്ടുണ്ട്. 2025ഓടെ 3300 പമ്പുകളില്‍ എങ്കിലും രാജ്യത്ത് ഇവ ലഭ്യമാകും.












Click it and Unblock the Notifications