ദേശീയ പണിമുടക്ക് നാളെ അര്‍ദ്ധരാത്രി 12 മുതല്‍; ആരെയൊക്കെ ബാധിക്കും, അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രി 12ന് തുടങ്ങി ചൊവ്വാഴ്ച അര്‍ദ്ധ രാത്രി 12ന് അവസാനിക്കുമെന്ന് സെക്രട്ടറി എളമരം കരീം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയത്തിനെതിരെയാണ് ദേശീയ തലത്തില്‍ ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ തൊഴിലാളി സംഘടനകളും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്ത വേദി സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത പൊതുപണിമുടക്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള കേന്ദ്ര എക്‌സൈസ് തീരുവ വെട്ടിക്കുറക്കുക എന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. കൂടാതെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷം സംയുക്ത കിസാന്‍ മോര്‍ച്ച സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവെക്കുക,

സമ്പന്നര്‍ക്കുമേല്‍ സമ്പത്ത് നികുതി (വെല്‍ത്ത് ടാക്സ്) ചുമത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കുക, വിലക്കയറ്റം തടയുക, ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. എല്ലാ പ്രധാന വ്യവസായമേഖലകളിലെയും- മാനുഫാക്ചറിങ്, വൈദ്യുതി, കല്‍ക്കരി, ബാങ്ക്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, തുറമുഖങ്ങള്‍, നിര്‍മാണം, അസംഘടിതമേഖല തുടങ്ങിയ രംഗങ്ങളിലെയെല്ലാം തൊഴിലാളികള്‍ ഒന്നിച്ചാണ് പണിമുടക്കില്‍ അണിനിരക്കുന്നത്.

സി ഐ ടി യു, ഐ എന്‍ ടി യുസി, എ ഐ ടി യു.സി, എച്ച് എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ്, എസ് ടി യു തുടങ്ങി കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പണിമുടക്ക് രണ്ട് ദിവസമാണെങ്കിലും നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് ഇടപാടുകളെയും ബാധിക്കും. നാലാം ശനിയാഴ്ചയായതിനാല്‍ ബാങ്കുകള്‍ 26ന് പ്രവര്‍ത്തിക്കില്ല. 27 ഞായര്‍ ബാങ്ക് അവധി ദിവസമാണ്. അതിന് ശേഷം വരുന്ന തിങ്കളും ചൊവ്വയുമാണ് പണിമുടക്ക്.

പണിമുടക്ക് സംസ്ഥാനത്തെ പൊതുഗാതഗത്തെയും ബാധിക്കും. നിലവില്‍ സംസ്ഥാനത്ത് പൊതുഗാതഗത സമരം നടക്കുകയാണ്. നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെ പൊതുപണിമുടക്കില്‍ കെ എസ് ആര്‍ ടിസിയിലെ ഭൂരിപക്ഷം ജീവനക്കാരും പങ്കെടുക്കുമെന്നാണ് സൂചന. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കുന്നുണ്ടെങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടാന്‍ സാധ്യതയില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത് എന്നാണ് സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

ആശുപത്രി, ആംബുലന്‍സ് സര്‍വീസ്, പത്രം, പാല്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്. വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കാനാണ് സാധ്യത. ഹോട്ടലുകള്‍, വ്യാപാരികള്‍, സംരഭകര്‍, എന്നിവരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കണമെന്ന് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനകള്‍ പണിമുടക്കുന്ന സംഘടനകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗം സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും നടത്തിയ നിരവധി സമരങ്ങളുടെ ഫലമായിട്ടാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ പരിമിതമായ നിലയിലെങ്കിലും സംരക്ഷിക്കാന്‍ ഉതകുന്ന തൊഴില്‍ നിയമങ്ങള്‍ ഉണ്ടായതെന്ന് എളമരം കരീം എംപി പറഞ്ഞു. ഐഎല്‍ഒ അംഗീകരിച്ച പ്രമാണങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യയില്‍ ചില നിയമങ്ങള്‍ പാസാക്കിയത്. ഇപ്പോള്‍ അതെല്ലാം തകര്‍ത്ത്, തൊഴിലാളികളെ അടിമസമാനമായി തൊഴില്‍ ചെയ്യിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നിയമങ്ങളാണ് മോദി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2019 ലും 2020ലും പാര്‍ലമെന്റ് പാസാക്കിയ നാല് ലേബര്‍ കോഡ്, നിലവിലുണ്ടായിരുന്ന 29 തൊഴില്‍നിയമത്തിന്റെ അലകും പിടിയും മാറ്റിക്കൊണ്ടുള്ളതാണ്. തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശം ലേബര്‍കോഡ് പരിമിതപ്പെടുത്തി. പണിമുടക്ക് സമരം ഫലത്തില്‍ അസാധ്യമാക്കി. എട്ട് മണിക്കൂര്‍ ജോലി എന്ന തത്വവും 'മിനിമം വേതനം' എന്ന തത്വവും ദുര്‍ബലമാക്കി, 'നിശ്ചിതകാല ജോലി' എന്ന ഒരു പുതിയ സമ്പ്രദായം നിയമാനുസൃതമാക്കി. മേലില്‍ ഒരു വ്യവസായത്തിലും സ്ഥിരം ജോലികള്‍ ഉണ്ടാകില്ല- എളമരം കരീം പറഞ്ഞു.












Click it and Unblock the Notifications