സൂപ്പര്‍ താരത്തിന്റെ ഫ്‌ലക്‌സ് വെക്കുന്നതിനിടെ 5 ആരാധകര്‍ ഷോക്കടിച്ച് മരിച്ചു!
ഹൈദരാബാദ്: പുതുവത്സര ദിനം ആഘോഷത്തിനിടെ പ്രിയ സിനിമാ താരത്തിന്റെ ഫ്‌ലക്‌സ് വെക്കുന്നതിനിടെ ആരാധകര്‍ ഷോക്കടിച്ച് മരിച്ചു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് അഞ്ച് യുവാക്കള്‍ ഷോക്കടിച്ച് മരിച്ചത്. സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍, മഹേഷ് ബാബു എന്നിവരുടെ ആരാധകരാണ് ന്യൂ ഇയര്‍ പുലര്‍ച്ചെയുംതലേന്നുമായി അപകടത്തില്‍ പെട്ടത്.
രംഗംപേട്ട മണ്ഡലില്‍ പവന്‍ കല്യാണിന്റെ ഫ്‌ലക്‌സ് വെക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് യുവാക്കള്‍ മരിച്ചത്. ഫ്‌ലക്‌സ് പരമാവധി ഉയരത്തില്‍ വെക്കാനുള്ള ശ്രമത്തിനിടെ ഷോക്കടിക്കുകയായിരുന്നു. 20 അടി ഉയരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡ് കെട്ടാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഉയര്‍ന്ന വോള്‍ട്ടേജ് വഹിക്കുന്ന കമ്പികളില്‍ തട്ടി അപകടം ഉണ്ടാകുകയായിരുന്നു.

വീര വെങ്കട വരപ്രസാദ് (18), ജന്യാം സതീഷ് (18) എന്നിവരാണ് ഇവിടെ മരിച്ചത് എന്ന് പോലീസ് സൂപ്രണ്ട് രവി പ്രകാശ് പറഞ്ഞു. കൂട്ടത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു ഈ സംഭവം. ഇവരെ ഗുരുതരാവസ്ഥയില്‍ രാജനഗരം ജി എസ് എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് മണ്ഡപേട്ട മണ്ഡലില്‍ സമാനമായ അപകടം ഉണ്ടായത്. മഹേഷ് ബാബുവിന്റെ 25 അടി ഉയരമുള്ള ഫ്‌ലക്‌സ് ബോര്‍ഡ് വെക്കാനുള്ള ശ്രമത്തിനിടെ മൂന്ന് പേരാണ് ഇവിടെ ഷോക്കടിച്ച് മരിച്ചത്. ലവു പ്രസാദ് (19), സപ്പാഡ നരേഷ് (20), ദുര്‍ഗ പ്രസാദ് (17) എന്നിവരാണ് മരിച്ചത്. ഈ ചെറുപ്പക്കാരെ ആശ്രയിച്ചാണ് ഇവരുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞുപോകുന്നത് എന്നതാണ് ഏറെ സങ്കടകരമായ കാര്യം.












Click it and Unblock the Notifications