ട്രെയിനിലെ ഭക്ഷണപാചകം ഇനി ക്യാമറയില്‍ നിരീക്ഷിക്കും
ദില്ലി: വൃത്തിഹീനമായ രീതിയില്‍ പാചകം ചെയ്യുകയും യാത്രക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ട്രെയിനുകളിലെ പാചകം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ട്രെയിനുകളിലെ പാന്‍ട്രി കാറുകള്‍ക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാനാണ് റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനം.
ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ സംവിധാനമൊരുക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുത്ത ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് റയില്‍വെ മന്ത്രാലയത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനില്‍ സക്‌സേന പറഞ്ഞു.

പരീക്ഷണം വിജയകരമാകുകയാണെങ്കില്‍ മറ്റു ട്രെയിനുകളിലും പദ്ധതി വ്യാപിപ്പിക്കും. രണ്ടാഴ്ചയ്ക്കകം ക്യാമറ ഘടിപ്പിക്കുന്ന ട്രെയിനുകളുടെ ലിസ്റ്റ് തയ്യാറാക്കും. പിടിക്കപ്പെടുകയാണെങ്കില്‍ ഒരുലക്ഷം രൂപവരെ പിഴയീടാക്കാനാണ് റെയില്‍വെ ലക്ഷമിടുന്നത്. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ കരാര്‍ എടുത്ത ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
അടുത്തിടെ ട്രെയിനുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഏജന്‍സികളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. മോശം ഭക്ഷണം നല്‍കുന്ന ട്രെയിനുകളെക്കുറിച്ച് പരാതി നല്‍കാന്‍ എസ്എംഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications