
എംഎല്‍എയുടെ മൂക്കിനിടിച്ചു പ്രതിപക്ഷ നേതാവ്; ബംഗാള്‍ നിയമസഭയില്‍ അടിപിടി... സസ്പെന്ഷന്
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ എംഎല്‍എമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ചിലര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ ക്രമസമാധാന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി അംഗങ്ങളുടെ പ്രതിഷേധം. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മൂക്കിന് പരിക്കേറ്റു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മൂക്കിനിടിച്ചതെന്ന് തൃണമൂല്‍ എംഎല്‍എ അസിത് മജുംദാര്‍ പറഞ്ഞു. മാര്‍ഷലുകള്‍ ഇറങ്ങി എംഎല്‍എമാരെ തടഞ്ഞു. ഒടുവില്‍ പ്രതിപക്ഷ അംഗങ്ങളില്‍ ചിലരെ സസ്പെന്റ് ചെയ്തു.
സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയില്‍ സംസാരിക്കണം എന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉയര്‍ത്തി പ്രതിഷേധവുമായി ഇവര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ബിര്‍ഭൂമില്‍ കുടുംബത്തിലെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി അംഗങ്ങളുടെ പ്രതിഷേധം. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ബിര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ടില്‍ കൊല്ലപ്പെട്ടത്. തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ട പിന്നാലെ ആയിരുന്നു ഈ സംഭവം. ദേശീയതലത്തില്‍ വിവാദമായ സംഭവത്തില്‍ കല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 21 പേര്‍ക്കെതിരെ കേസെടുത്ത് സിബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബംഗാള്‍ നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, വക്താവ് ഷെഹ്സാദ് ജയ്ഹിന്ദ് എന്നിവര്‍ പങ്കുവച്ച വീഡിയോയില്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. നടുത്തളത്തിലിങ്ങി പ്രതിഷേധിച്ച ബിജെപി അംഗങ്ങളെ മാര്‍ഷലുകള്‍ തടഞ്ഞുവെക്കുന്നതും വീഡിയോയിലുണ്ട്. സംഘര്‍ഷം ശമിപ്പിക്കാനുള്ള ശ്രമത്തിലാണ് മാര്‍ഷലുകള്‍.
ഉത്തര്‍ പ്രദേശ് വീണ്ടും ബിജെപിക്ക്; ഇനി മായാവതി രാഷ്ട്രപതിയാകും... വ്യാജമെന്ന് ബിഎസ്പി അധ്യക്ഷ
തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന് മൂക്കിന് പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മൂക്കിന് ഇടിച്ചതെന്ന് മജുംദാര്‍ ആരോപിച്ചു. അധികാരിയെയും മറ്റു നാല് ബിജെപി അംഗങ്ങളെയും നിയമസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഈ വര്‍ഷം മൊത്തമാണ് സസ്പെന്ഷന്.
നിയമസഭയില്‍ സിവില്‍ വേഷത്തില്‍ പോലീസുകാരെ കൊണ്ടുവന്ന് ബിജെപി അംഗങ്ങളെ കൈയ്യേറ്റം ചെയ്തുവെന്ന് സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയില്‍ എംഎല്‍എമാര്‍ സുരക്ഷിതരല്ല. ഞങ്ങളുടെ 10 അംഗങ്ങള്‍ക്ക് മര്‍ദ്ദനമേറ്റു. ചീഫ് വിപ്പ് മനോജ് തിഗ്ഗക്കും മര്‍ദ്ദനമേറ്റുവെന്നും അധികാരി പറഞ്ഞു. ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ വ്യാപക അക്രമം നടത്തിയെന്നും എംഎല്‍എമാര്‍ക്ക് പരിക്കേറ്റുവെന്നും തൃണമൂല്‍ നേതാവും മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം ആരോപിച്ചു.