മഹുവ ഒറ്റപ്പെടുന്നോ..? കൈവിട്ട് തൃണമൂല്‍; പ്രതികരിക്കാനില്ലെന്ന് നേതാക്കള്‍
കൊല്‍ക്കത്ത: പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന എം പി മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് അകലം പാലിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ മഹുവ മൊയ്ത്രയെ പ്രതിരോധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളാരും രംഗത്തെത്തിയിരുന്നില്ല. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒന്നും പറയാനില്ല എന്നാണ് തൃണമൂല്‍ പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറിയും വക്താവുമായ കുനാല്‍ ഘോഷ് പറഞ്ഞത്.
ഈ വിവാദത്തില്‍ പ്രതികരിക്കാന്‍ അത് ബാധിക്കുന്ന വ്യക്തിയാണ് ഏറ്റവും അനുയോജ്യയെന്ന് തങ്ങള്‍ കരുതുന്നു എന്നായിരുന്നു കുനാല്‍ ഘോഷ് പറഞ്ഞത്. പാര്‍ട്ടി നേതൃത്വം വിവാദത്തിലകപ്പെടാന്‍ തയ്യാറല്ലെന്നും അതിനാല്‍ അതില്‍ നിന്ന് അകലം പാലിക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പറഞ്ഞു. ആരോപണം എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് പാര്‍ട്ടി.

Image Credit: Mahua Moitra/Facebook
തല്‍ക്കാലം പരസ്യപ്രതികരണം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്കുള്ളില്‍ അത്ര പിന്തുണയുള്ള നേതാവല്ല മഹുവ മൊയ്ത്ര. മമത ബാനര്‍ജിയുമായുള്ള ബന്ധത്തിലും നേരത്തെ വിള്ളല്‍ വീണിരുന്നു. അതേസമയം മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണത്തിലെ ഉത്തരവാദിത്തത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബി ജെ പി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു.
നേതാക്കള്‍ അറസ്റ്റിലാകുമ്പോഴോ പ്രശ്നത്തില്‍ അകപ്പെടുമ്പോഴോ തൃണമൂല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. മഹുവ മൊയ്ത്രയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിശദീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വിവാദ വ്യവസായി ഗൗതം അദാനിയെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങി എന്നാണ് മഹുവ മൊയ്ത്രക്കെതിരായ ആരോപണം.
ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരനന്ദാനിയില്‍ നിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങി എന്നാണ് മുന്‍പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായ് ആരോപിക്കുന്നത്. ജയ് ആനന്ദില്‍ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ബി ജെ പി എം പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ ആരോപണം മഹുവ നിഷേധിച്ചിട്ടുണ്ട്.
അതേസമയം മഹുവ മൊയ്ത്ര ഇതുവരെ 62 ചോദ്യങ്ങളാണ് ലോക്‌സഭയില്‍ ഉന്നയിച്ചത്. ഇതില്‍ 9 എണ്ണം ഗൗതം അദാനിയുടെ വ്യവസായങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ അഞ്ചെണ്ണം ഒഡീഷ തീരത്തെ ധര്‍മ ലിക്വിഫൈഡ് നാചുറല്‍ ഗ്യാസ് ടെര്‍മിനലുമായി ബന്ധപ്പെട്ടവയുമാണ്. ഹിരാനന്ദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications