ബംഗാളില്‍ കോണ്‍ഗ്രസിന് എത്ര സീറ്റ് നല്‍കും: എണ്ണം പറഞ്ഞ് തൃണമൂല്‍, സിപിഎമ്മിന് ഒന്നുമില്ലേ?
ബംഗാള്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ പശ്ചിംമ ബംഗാളില്‍ ഇന്ത്യ സംഖ്യത്തിന് കീഴില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. 2019ൽ 43 ശതമാനം വോട്ടോടെ 22 സീറ്റ് നേടിയ മമതാ ബാനർജിയുടെ പാർട്ടി, സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ പ്രബല പാർട്ടിയായ തങ്ങളെ അനുവദിക്കണമെന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും ഇന്ത്യ ടുഡെ പുറത്തുവിട്ട റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിലേയും സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിലേയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് സീറ്റ് പങ്കിടലെന്നും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 42 ലോക്‌സഭാ സീറ്റുകളിലും മത്സരിച്ചെങ്കിലും രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത് - മാൽദാഹ ദക്ഷിണിലും ബെർഹാംപൂരിലും.

സി പി എമ്മുമായുള്ള സഖ്യത്തിലായിരുന്നു അന്ന് കോണ്‍ഗ്രസ് മത്സരിച്ചത്. സി പി എം 6.33 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 5.67 ശതമാനം വോട്ടും ലഭിച്ചു. സി പി എമ്മിന് 2019 ല്‍ ബംഗാളില്‍ സീറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. കോണ്‍ഗ്രസിന് രണ്ട് സീറ്റ് വാഗ്ദാനം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് സി പി എമ്മിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യ ബ്ലോക്ക് കൺവീനറായി നിർദേശിക്കുന്നതായും ടി എം സി വ്യക്തമാക്കി. നിതീഷ് കുമാറിനോട് പാർട്ടിക്ക് എതിർപ്പ് ഒന്നും ഇല്ലെങ്കിലും പ്രതിപക്ഷ സഖ്യത്തിന്റെ കൺവീനർ എന്ന നിലയിൽ ഖാർഗെ മികച്ച സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നുവെന്നാണ് ടി എം സി നേതാക്കള്‍ പറയുന്നത്.
58 ല്‍ അധികം സീറ്റുകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതിനാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ഖാർഗെയാണ് മികച്ച ഓപ്ഷൻ എന്നും ടിഎംസി വിശ്വസിക്കുന്നു. ഡൽഹിയിൽ കഴിഞ്ഞ പ്രതിപക്ഷ യോഗത്തിൽ മമത ബാനർജി 2024ലെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ഖാർഗെയുടെ പേര് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ടി എം സിയുടെ നിർദ്ദേശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അസ്വസ്ഥനാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ കാണിക്കുന്നത്. ജെഡിയുവിൽ ഭിന്നത സൃഷ്ടിച്ച് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാൻ ആർ ജെ ഡി ശ്രമിച്ചിരുന്നുവെന്ന പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ നിതീഷ് വീണ്ടും എന്‍ ഡി എയിലേക്ക് മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് തടയാൻ നിതീഷിനെ ഇന്ത്യൻ ബ്ലോക്ക് കൺവീനറായി നിയമിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, ടി എം സിയുടെ രണ്ട് സീറ്റ് വാഗ്ദാനം കോണ്‍ഗ്രസ് സ്വീകരിക്കുമോയെന്ന കാര്യം ഉറപ്പില്ല. സിറ്റിങ് സീറ്റുകളായ ജംഗിപൂരും ബഹരംപൂരും ഉൾപ്പെടെ 6 സീറ്റുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ സി പി എമ്മിന് സീറ്റ് നല്‍കണമെന്ന ആവശ്യവും കോണ്‍ഗ്രസ് നേതൃത്വം ടി എം സിയോട് ആവശ്യപ്പെടും












Click it and Unblock the Notifications