'വെറുപ്പും കൊലപാതകവും'; ഇതാണോ ഗുജറാത്ത് മോഡല്‍, തുറന്നടിച്ച് മഹുവ മോയ്ത്ര
ദില്ലി: ബില്‍ക്കിസ് ബാനോ ബലാത്സംഗ കേസിലെ പ്രതികളെ സംസ്‌കാരമുള്ള ബ്രാഹ്മാണന്മാര്‍ എന്ന് വിളിച്ച ബി ജെ പി എം എല്‍ എയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിനെതിരെ എം പി മഹുവ മോയ്ത്ര രംഗത്ത്. വെറുക്കുകയും കൊല്ലുകയും ചെയ്യുന്നതാണ് ഗുജറാത്ത് മോഡലെന്ന് മഹുവ മോയ്ത്ര വിശേഷിപ്പിച്ചു. ബി ജെ പിയുടെ ഗോദ്ര എം എല്‍ എയാണ് ബില്‍ക്‌സ ബാനോ കേസിലെ പ്രതികളെ ഇപ്രകാരം വിശേഷിപ്പിച്ചത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ 15 വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 'നല്ല പെരുമാറ്റത്തിന്റെ പേരില്‍' സംസ്ഥാന സര്‍ക്കാര്‍ - കേന്ദ്രത്തിന്റെ അംഗീകാരത്തോടെ ഓഗസ്റ്റ് 15 ന് വിട്ടയച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ലോക്സഭാംഗമായ മൊയ്ത്രയും തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവരില്‍ ഒരാളാണ്.

15 വര്‍ഷം ജയിലില്‍ കഴിഞ്ഞ കുറ്റവാളികളെ മോചിപ്പിക്കാന്‍ തീരുമാനിച്ച സമിതിയില്‍ ബി ജെ പി എം എല്‍ എ ചന്ദ്രസിന്‍ റൗള്‍ജിയും ഉണ്ടായിരുന്നു. ഓഗസ്റ്റ് 15 ന് പ്രതികള്‍ ഗോധ്ര സബ് ജയിലില്‍ നിന്നാണ് പുറത്തിറങ്ങിയത്. 15 വര്‍ഷത്തോളമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. പ്രതികളെ ഭരണകക്ഷിയായ ബി ജെ പിയുമായി ബന്ധമുള്ള ചില സംഘടനകള്‍ എത്തി സ്വീകരിച്ചിരുന്നു. മധുരപലഹാരങ്ങളും ആലിംഗനങ്ങളും മാലകളും നല്‍കിയാണ് ഇവരെ ജയിലില്‍ നിന്ന് പുറത്തേക്ക് എത്തിച്ചത്.

അതേസമയം, എം എല്‍ എ ചന്ദ്രസിന്‍ റൗള്‍ ഇവരെ പുകഴ്ത്തിയാണ് അഭിമുഖങ്ങളില്‍ സംസാരിച്ചത്. അവര്‍ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണര്‍ക്ക് നല്ല സംസ്‌ക്കാരം (സാംസ്‌കാരിക മൂല്യങ്ങള്‍) ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശം പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് കാരണമായിക്കിയിരുന്നു. 'നല്ല സംസ്‌കാരമുള്ള മനുഷ്യര്‍' എന്നാണ് ബി ജെ പി ഇപ്പോള്‍ ബലാത്സംഗികളെ വിശേഷിപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

2002ല്‍ ഗോധ്ര ട്രെയിന്‍ കത്തിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനോയ്ക്ക് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. വിവാദമായ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും സി ബി ഐ ശേഖരിച്ച തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ബില്‍ക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2004 ഓഗസ്റ്റില്‍ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സി ബി ഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഡാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്. ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications