മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍പ്പ് തുടര്‍ന്ന് ജെഡിയു, പിന്തുണയുമായി ബിജു ജനതാദള്‍
ദില്ലി: മുത്തലാഖ് നിരോധ ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കഴിഞ്ഞ ആഴ്ച്ച ലോക്സഭയില്‍ പാസാക്കിയ ബില്ലാണ് ഇന്ന് രാജ്യസഭയില്‍ എത്തുന്നത്. ലോക്സഭയില്‍ 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തിരുന്നു. നേരത്തെ തന്നെ ബില്ലിനെ എതിര്‍ത്ത് രംഗത്ത് വന്ന എന്‍ഡിഎ ഘടകക്ഷിയായ ജെഡിയു രാജ്യസഭയിലും നിലപാട് തുടര്‍ന്നേക്കും.
രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്ന സര്‍ക്കാര്‍ ബിജു ജനതാദൾ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിൽ ഇന്ന് അജണ്ടയിൽ ഉള്‍പ്പെടുത്തുകയായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവന്‍ അംഗങ്ങള്‍ക്കും ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. മുത്തലാഖ് ബില്‍ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് രവിശങ്കര്‍ പ്രസാദ് ലോകസഭയില്‍ പറഞ്ഞിരുന്നു. മാത്രമല്ല 2017 മുതല്‍ മുത്തലാഖുമായി ബന്ധപ്പെട്ട് 547 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നാം മോദി സര്‍ക്കാറിന് കാലത്ത് മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല. 2017 ഡിസംബർ 27-നാണായിരുന്നു കേന്ദ്ര സർക്കാർ തയ്യാറാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ എന്ന മുത്തലാഖ് നിരോധന ബിൽ നേരത്തെ ലോക്സഭയിൽ പാസാക്കിയത്.
2018 ജനുവരി മൂന്നിന് രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. 2018 സെപ്റ്റംബറിൽ കൊണ്ടു വന്ന ഓർഡിനൻസിന്റെ കാലാവധി തീർന്നതിനെ തുടർന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓർഡിനൻസ് കൊണ്ടുവന്നിരുന്നു.












Click it and Unblock the Notifications