ത്രിപുരയില്‍ ലീഡ് ഉയര്‍ത്തി ഇടതുപക്ഷം; ടിഎംപി സഖ്യം വരുമോ, ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ
മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നു എന്നാണ് ഈ ഘട്ടത്തിലുള്ള വിവരം

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശ്ചര്യപ്പെടുത്തി കണക്കുകള്‍. ആദ്യം മുതല്‍ വന്‍ കുതിപ്പ് തുടരുന്ന ബിജെപി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വേഗത കുറഞ്ഞു. എന്നാല്‍ ഈ വേളയില്‍ ഇടതുപക്ഷം മുന്നേറ്റം തുടങ്ങി. എങ്കിലും ബിജെപിയെ മറികടക്കാന്‍ ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന് സാധിച്ചിട്ടില്ല.
അതേസമയം, തിപ്ര മോത എന്ന പ്രാദേശിക കക്ഷി ഏവരെയും അമ്പരപ്പിച്ചുള്ള പ്രകടനമാണ് നടത്തുന്നത്. ഇവര്‍ പത്തിലധികം സീറ്റ് നേടിയാല്‍ നിര്‍ണായക ശക്തിയായി മാറും. ബിജെപിയുടെ ബി ടീമാണിതെന്ന് ആരോപണം ഉന്നയിക്കുന്നവരുണ്ട്. എന്നാല്‍ ഇടതുപക്ഷം-തിപ്ര മോത സഖ്യം വന്നാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്ന് ഈ ഘട്ടത്തില്‍ പറയാം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വോട്ട് നില മാറിമറിയുകയാണ്. ഈ ഘട്ടത്തിലെ വിലയിരുത്തല്‍ അന്തിമമാണെന്ന് പറയാന്‍ സാധിക്കില്ല.
60 അംഗ നിയമസഭയാണ് ത്രിപുരയിലേത്. 31 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ബിജെപി വലിയ മുന്നേറ്റം തുടരുകയാണ്. എന്നാല്‍ ഇടതുസഖ്യത്തിന് 22 സീറ്റില്‍ ലീഡുണ്ട്. ബിജെപി 26 സീറ്റിലെ ലീഡുമായി മുന്നിലാണ്. തിപ്ര മോത 11 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. തിപ്ര മോതയും ഇടതുസഖ്യവും ഐക്യത്തിലെത്തിയാല്‍ ബിജെപി ഭരണം അവസാനിക്കുമെന്നാണ് ഈ ഘട്ടത്തിലെ ചര്‍ച്ചകള്‍. എന്നാല്‍ അന്തിമ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ഏതാലായും തിപ്ര മോത നിര്‍ണായക ശക്തിയാകുമെന്ന് തന്നെയാണ് കരുതുന്നത്.
അതേസമയം, ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കണക്കുകള്‍ ഈ ഘട്ടത്തില്‍ വരുന്നത് മേഘാലയയില്‍ നിന്നാണ്. ഇവിടെ എന്‍പിപി തന്നെ അധികാരം പിടിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തുകയാണിപ്പോള്‍. 16 സീറ്റിലാണ് പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. എന്‍പിപി 15 സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ഏഴ് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി അഞ്ച് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. മറ്റുള്ളവര്‍ 16 ഇടത്ത് ലീഡ് ചെയ്യുന്നു. തൃണമൂലിന് ഇവിടെ ശക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റംവരും.












Click it and Unblock the Notifications