ത്രിപുര ഫലം: ബിജെപി മുന്നേറ്റത്തെ പിന്നോട്ടടിപ്പിച്ചത് സ്വന്തം സഖ്യകക്ഷി? ഐപിഎഫ്ടിക്ക് വന്‍ തിരിച്ചടി
2018 ല്‍ ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് ആയിരുന്നു ഐപിഎഫ്ടി പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ ആ നേട്ടം ഉണ്ടാക്കാന്‍ അവര്‍ക്കായിട്ടില്ല

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ് ടി. 2018 ല്‍ ബി ജെ പിക്കൊപ്പം ചേര്‍ന്ന് കറുത്ത കുതിരകളായ ഐ പി എഫ് ടിക്ക് ഇത്തവണ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വോട്ടെണ്ണല്‍ മൂന്ന് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ കാണാനാകുന്നത്.
2018 ല്‍ എട്ട് സീറ്റാണ് ഐ പി എഫ് ടി ക്ക് ലഭിച്ചിരുന്നത്. 7.38 ശതമാനം വോട്ടും ത്രിപുരയില്‍ ആര്‍ജിക്കാന്‍ ഐ പി എഫ് ടിക്ക് 2018 ലെ തെരഞ്ഞെടുപ്പില്‍ സാധിച്ചിരുന്നു. ഗോത്ര മേഖലയില്‍ സി പി എമ്മിന് ഉണ്ടായിരുന്ന വോട്ട് ബാങ്ക് 2018 ല്‍ ഐ പി എഫ് ടി ആയിരുന്നു കവര്‍ന്നിരുന്നത്.
എന്നാല്‍ നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ഒരു സീറ്റില്‍ മാത്രമാണ് ഐ പി എഫ് ടിക്ക് ലീഡ് ചെയ്യാനാകുന്നത്. തുടര്‍ ഭരണം ലക്ഷ്യമിടുന്ന ബി ജെ പിക്ക് ഐ പി എഫ് ടിയുടെ മോശം പ്രകടനം തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. നിലവില്‍ ബി ജെ പിക്ക് 28 സീറ്റില്‍ ലീഡ് ഉണ്ട്.

എന്നാല്‍ ഐ പി എഫ് ടിയുടെ ഒരു സീറ്റിലെ ലീഡ് കൂട്ടിയാലും 29 സീറ്റിലേക്കേ സഖ്യം എത്തൂ. കേവലഭൂരിപക്ഷത്തിന് 31 സീറ്റ് ആണ് വേണ്ടത്. ഇത്തവണ ആറ് സീറ്റിലായിരുന്നു ഐ പി എഫ് ടി മത്സരിച്ചിരുന്നത്. അതേസമയം 2018 ല്‍ ഐ പി എഫ് ടി നേട്ടമുണ്ടാക്കിയ ഗോത്ര മേഖലയില്‍ ഇത്തവണ ടിപ്ര മോത അടിച്ചുകയറി എന്ന് വ്യക്തമാണ്.
നിലവില്‍ 11 സീറ്റില്‍ ടിപ്ര മോത ലീഡ് നേടുന്നുണ്ട്. 42 സീറ്റില്‍ ടിപ്ര മോത സംസ്ഥാനത്ത് മത്സരിച്ചത്. അന്തിമ ഫലത്തിന് ശേഷം ടിപ്ര മോത സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ടിപ്രാലാന്റ് എന്ന പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ടിപ്ര മോത.
ഇത്തവണ സി പി എമ്മും കോണ്‍ഗ്രസും സഖ്യമായാണ് സംസ്ഥാനത്ത് മത്സരിച്ചത്. സി പി എം 43 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും സി പി ഐ ഒരു സീറ്റിലും ആണ് മത്സരിച്ചിരുന്നത്. അതേസമയം സംസ്ഥാനത്ത് 28 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും മത്സരിച്ചിരുന്നു.












Click it and Unblock the Notifications