വിജയ്‌ടെ മാത്രമല്ല, തൃഷയുടെ ഫോട്ടോയും വെക്കണം; കൗണ്‍സില്‍ യോഗത്തില്‍ ബഹളം, കൂട്ടച്ചിരി
തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കൗൺസിൽ യോഗത്തിൽ ഉയർന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മുഖ്യമന്ത്രി വിജയ്‌യുടെ ചിത്രത്തിനൊപ്പം പ്രമുഖ തെന്നിന്ത്യൻ താരം തൃഷയുടെ ചിത്രവും സർക്കാർ ഓഫീസുകളിൽ സ്ഥാപിക്കണമെന്നാണ് കൗൺസിലർ യോഗത്തിൽ ആവശ്യപ്പെട്ടത്. ശിവഗംഗ ജില്ലയിലെ കാരാക്കുടി കോർപ്പറേഷന്റെ കൗൺസിൽ യോഗത്തിനിടയിലാണ് നാടകീയവും രസകരവുമായ ഈ രംഗങ്ങൾ അരങ്ങേറിയത്.
വിജയ്‌യുടെ ചിത്രം യോഗഹാളിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളിലെ കൗൺസിലർമാർ തമ്മിൽ വാഗ്വാദവും തർക്കവും നേരത്തെ നിലനിന്നിരുന്നു. ഇതിനിടയിലേക്കാണ് തികച്ചും അപ്രതീക്ഷിതമായി നടി തൃഷയുടെ പേര് ഉയർന്നുവന്നത്.

വിജയുടെ ചിത്രത്തിനൊപ്പം കൗൺസിൽ ഹാളിൽ മുൻ മുഖ്യമന്ത്രിമാരായ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി ജെ. ജയലളിത എന്നിവരുടെ ചിത്രങ്ങളും സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾ യോഗത്തിൽ രംഗത്തെത്തിയിരുന്നു. ഇതേച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വലിയ വാഗ്വാദവുമുണ്ടായി.
ഈ സന്ദർഭത്തിലാണ് കൗൺസിലിലെ പതിനൊന്നാം വാർഡിനെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര കൗൺസിലറായ മെയ്യാർ പുതിയ ആവശ്യം ഉന്നയിച്ചത്. നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം തൃഷയുടെ സുന്ദരമായ ചിത്രവും യോഗഹാളിൽ വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് കൗൺസിലർമാർ ചേരിതിരിഞ്ഞ് തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഉയർന്നുവന്ന ഈ വിചിത്ര ആവശ്യം യോഗത്തിൽ വലിയ പൊട്ടിച്ചിരിക്ക് ഇടയാക്കി.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ അടുത്തിടെയുണ്ടായ ഭരണമാറ്റങ്ങളും ദക്ഷിണേന്ത്യൻ സിനിമാമേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചില ഗോസിപ്പുകളുമാണ് കൗൺസിലറുടെ അപ്രതീക്ഷിത പ്രതികരണത്തിന് പിന്നിൽ. വിജയ്‌യുടെ ജന്മദിനത്തിന് തൊട്ടുപിന്നാലെ തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക ആശംസാ പോസ്റ്റ് വൈറലായിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ ഇരുവരെയും കുറിച്ച് നിരവധി അഭ്യൂഹങ്ങൾ സിനിമാ ലോകത്ത് പ്രചരിച്ചിരുന്നു. വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾക്കൊപ്പവും തൃഷയുടെ പേര് പലപ്പോഴും പരാമർശിക്കപ്പെട്ടിരുന്നു. ഇത് മുൻനിർത്തിയാണ് കൗൺസിലർ ഭരണപരമായ ചർച്ചയിലേക്ക് നടിയുടെ പേര് വലിച്ചിഴച്ചത്.
കൗൺസിൽ ഹാളിൽ ഡിഎംകെ, എഐഎഡിഎംകെ അംഗങ്ങൾ തമ്മിലുള്ള വാഗ്വാദം രൂക്ഷമായി സംഘർഷത്തിലേക്ക് നീങ്ങുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് സ്വതന്ത്ര അംഗമായ മെയ്യാർ രംഗപ്രവേശം ചെയ്തത്. യോഗത്തിലെ സംഘർഷാവസ്ഥ തമാശയിലൂടെ ശാന്തമാക്കാനും സമാധാന അന്തരീക്ഷം കൊണ്ടുവരാനും വേണ്ടിയാണ് അദ്ദേഹം വിചിത്രമായ ആവശ്യം ഉന്നയിച്ചതെന്ന് കരുതുന്നവരുമുണ്ട്.













Click it and Unblock the Notifications