അഭ്യൂഹങ്ങള്‍ക്ക് വിട; കിടിലന്‍ പോസ്റ്റുമായി തൃഷ, പ്രിന്റഡ് ഷര്‍ട്ട് ധരിച്ച് വിജയ്, ആഘോഷ ചിത്രം
വിജയ്-തൃഷ സൗഹൃദം അവസാനിച്ചോ, തൃഷ വിജയിയെ അണ്‍ ഫോളോ ചെയ്‌തോ, ഇരുവരും പിണങ്ങിയോ തുടങ്ങിയ ഒരുപിടി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ ഉയരുന്നത്. വിജയുടെ 52ാം ജന്മദിനത്തില്‍ തൃഷ ആശംസ അറിയിക്കാതിരുന്നതോടെയാണ് ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിജയിയെ തൃഷ ഫോളോ ചെയ്യുന്നില്ല എന്ന വിവരം കൂടി വന്നതോടെ പ്രചാരണം കൊഴുത്തു.
എല്ലാ പ്രചാരണങ്ങളും അസ്ഥാനത്താക്കി തൃഷ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. അര്‍ധരാത്രി നടന്ന വിജയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേക്ക് മുറിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വിജയ്, തൊട്ടടുത്ത് സ്‌നേഹത്തോടെ നോക്കി നില്‍ക്കുന്ന തൃഷ എന്നിവരാണ് ചിത്രത്തില്‍. പ്രിന്റഡ് ഷര്‍ട്ട് ധരിച്ചാണ് വിജയ് നില്‍ക്കുന്നത്.

ഇരുവരും സന്തോഷത്തോടെ കാണപ്പെടുന്ന ചിത്രം വന്നതോടെ സോഷ്യല്‍ മീഡിയിയല്‍ അതിവേഗമാണ് ഇത് പ്രചരിച്ചത്. വിജയ്-തൃഷ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പലതരത്തില്‍ പ്രചരിക്കുന്നതിനിടെയാണ് ഈ ചിത്രം തൃഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ജീവിതം അര്‍ഥ പൂര്‍ണമാക്കിയ വ്യക്തിക്ക്, ജന്മദിനം 00.00' എന്നാണ് തൃഷ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയായിരുന്നു വിജയുടെ ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സിനിമാ മേഖലയിലുള്ളവരും വിജയിക്ക് ആശംസ അറിയിച്ചിരുന്നു. എന്നാല്‍ തൃഷയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. അണ്‍ഫോളോ പ്രചാരണവും കൂടി വന്നതോടെ പ്രചാരണം കൊഴുത്തു. തൃഷയുടെ പുതിയ പോസ്റ്റ് വന്നതോടെ എല്ലാം അസ്ഥാനത്തായി.
തമിഴ് സിനിമയിലെ സൂപ്പര്‍ ഹിറ്റ് താര ജോഡികളാണ് വിജയിയും തൃഷയും. അഭിനേതാക്കള്‍ എന്നതില്‍ ഉപരി ഇരുവരും തുടരുന്ന സൗഹൃദം പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. വിജയുടെ ഭാര്യ സംഗീത സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നതും തൃഷയിലേക്ക് വിരല്‍ ചൂണ്ടാന്‍ കാരണമായി. ഓഗസ്റ്റ് ഏഴിനാണ് ചെങ്കല്‍പ്പേട്ട് കുടുംബ കോടതി സംഗീതയുടെ ഹര്‍ജി പരിഗണിക്കുന്നത്.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ സംഗീതയും മക്കളും വന്നിരുന്നില്ല. എന്നാല്‍ തൃഷയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇരുവരും തമിഴ് സംവിധായകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതും വിവാദം കത്തിനില്‍ക്കുന്ന വേളയിലായിരുന്നു. വിജയ് ഒഴിഞ്ഞ തൃച്ചി ഈസ്റ്റ് മണ്ഡലത്തില്‍ തൃഷയെ മല്‍സരിപ്പിച്ചേക്കും എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ബന്ധിച്ചുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പ്രാധാന്യം ലഭിക്കുന്നത്.















Click it and Unblock the Notifications