പെട്രോൾ- ഡീസൽ വിലയും കൊറോണയും മോദി അൺലോക്ക് ചെയ്തു: കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുകയും ഇന്ധനവില വർധനവ് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാർ കൊറോണ വൈറസും പെട്രോൾ- ഡീസൽ വിലയും അൺലോക്ക് ചെയ്തിരിക്കുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
ബുധനാഴ്ച രാവിലെയോടെ 4.56 ലക്ഷം കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തുടർച്ചയായി ദിവസേന ഇന്ധനവിലയിലും വർധനവാണ് പ്രകടമാകുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ രാഹുൽ രംഗത്തെത്തുന്നത്. മോദി സർക്കാരിനെ തുടർച്ചയായി ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി സർക്കാർ കിഴക്കൻ ലഡാക്കിലെ ഇന്ത്യ- ചൈന സംഘർഷം കൈകാര്യം ചെയ്ത വിഷയത്തിലും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിർത്തി സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
Recommended Video

ദില്ലിയിലെ പെട്രോൾ വില ലിറ്ററിന് 79.76 രൂപയിൽ എത്തി നിൽക്കുകയാണ്. ലിറ്ററിന് 0.48 രുപയാണ് ഏറ്റവും ഒടുവിൽ വർധിച്ചത്. ഏറ്റവും ഒടുവിൽ വില വർധിച്ചതോടെ പെട്രോൾ വിലയെയും മറികടന്നാണ് ഡീസൽ വില വർധനവ്.
ഇന്ത്യയിൽ കൊറോണ വൈറസ് ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളിലും കുത്തനെയുള്ള വർധനവ് പ്രകടമായിരുന്നു. ബുധനാഴ്ച 16000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 450 പേരും രോഗം ബാധിച്ച് ഇക്കാലയളവിനുള്ളിൽ മരിക്കുകയും ചെയ്തു. 4.56 ലക്ഷം പേർക്ക് കൊറോണ വൈറസ് ബാധിച്ച ഇന്ത്യയിൽ 14,400 പേർ ഇതിനകം തന്നെ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications