തെലങ്കാനയിൽ ടിആർഎസിന് കനത്ത തിരിച്ചടി; രാജ്യസഭ എംപി കോൺഗ്രസിലേക്ക്
ഹൈദരാബാദ്; തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി രേവന്ത് റെഡ്ഡി എത്തിയത് മുതൽ മറ്റ് പാർട്ടികളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് കോൺഗ്രസിൽ ചേർന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഭരണ കക്ഷിയായ ടി ആർ എസിന്റെ സിറ്റിംഗ് എം പിയാണ് കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. രാജ്യസഭ എം പിയായ ഡി ശ്രീനിവാസ് ആണ് ഉടൻ കോൺഗ്രസിൽ ചേരുക. വിശദമായി വായിക്കാം

നേരത്തേ തന്നെ ഡി ശ്രീനിവാസ് കോൺഗ്രസിൽ ചേർന്നേക്കുമെന്നുളള അഭ്യൂഹങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായിരുന്നു. ഡിസംബർ 16 ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ശ്രീനിവാസ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന ചർച്ചകൾക്ക് ചൂട് പിടിച്ചത്.

ശ്രീനിവാസിനെ പ്രചരണത്തിനിറക്കി കോൺഗ്രസിനെ വീഴ്ത്തി മകൾക്ക് വേണ്ടി മണ്ഡലം സുരക്ഷിതമാക്കാമെന്നായിരുന്നു റാവുവിന്റെ കണക്ക് കൂട്ടൽ. എന്നാൽ തിരഞ്ഞെടുപ്പിൽ കവിത പരാജയപ്പെട്ടു. ബി ജെ പി നേതാവും ശ്രീനിവാസയുടെ മകനുമായ ധർമപുരി അരവിന്ദ് ആയിരുന്നു മണ്ഡലത്തിൽ ജയിച്ചത്. ഇതോടെ മകന് വേണ്ടി കവിതയെ പരാജയപ്പെടുത്താൻ നീക്കങ്ങൾ നടത്തിയത് ശ്രീനിവാസയാണെന്ന ആരോപണം ടി ആർ എസ് നേതാക്കൾ ശക്തമാക്കി.

തെലങ്കാന രൂപീകരിക്കുന്നത് വരെ കോൺഗ്രസിലായിരുന്ന ശ്രീനിവാസ് 2015 ലാണ് ടി ആർ എസിൽ ചേർന്നത്. പിന്നീട് സർക്കാർ ഉപദേശകനായി നിയമിതനായി. തുടർന്ന് അദ്ദേഹത്തെ രാജ്യസഭയിലേക്ക് പാർട്ടി നോമിനേറ്റ് ചെയ്യുകയായിരുന്നു. നിസാമാബാദിൽ ശക്തനായ സ്വാധീനം ഉള്ള നേതാവാണ് ശ്രീനിവാസ. തന്റെ മകൾ കവിതയുടെ രാഷ്ട്രീയ ജീവിതം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിസാമാബാദിൽ നിന്നുള്ള മുതിർന്ന നേതാവായ ശ്രീനിവാസയെ ടി ആർ എസ് തലവൻ ചന്ദ്രശേഖര റാവു പാർട്ടിയിൽ എത്തിച്ചത് എന്നാണ് വിലയിരുത്തലുകൾ.

ഇതോടെ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം പാർട്ടിയിൽ സജീവമല്ല. ഇതോടെ മകനൊപ്പം അദ്ദേഹം ബി ജെ പിയിലേക്ക് പോകുമോയെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. ഇതിനിടയിൽ അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ ബിജെപിയിലേക്ക് എന്നുള്ള ചർച്ചകളും ശക്തമായി. എന്നാൽ സോണിയാ ഗാന്ധിയുമായുള്ള ചർച്ചയോടെ ഈ വരുന്ന 24 ന് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പാർട്ടിയിൽ നിന്ന് രാജിവെച്ചാൽ രാജ്യസഭാംഗത്വം നഷ്‌ടപ്പെടുമെന്നതിനാലാണ് ശ്രീനിവാസ് ടി ആർ എസിൽ തന്നെ തുടരുന്നതെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. 2022 ജൂണിലാണ് ശ്രീനിവാസിന്റെ കാലാവധി അവസാനിക്കുന്നത്. അതേസമയം ശ്രീനിവാസ പാർട്ടിയിലേക്ക് മടങ്ങുന്നതിനെതിരെ കോൺഗ്രസിൽ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഹൈക്കമാന്റിന് ഉൾപ്പെടെ നേതാക്കൾ പരാതി അയച്ചിട്ടുണ്ട്.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തള്ളി ബി ജെ പി സ്ഥാനാർത്ഥിയാകുന്ന മകൻ അരവിന്ദിനെ അദ്ദേഹം പിന്തുണയ്ക്കില്ലെന്ന് എന്താണ് ഉറപ്പെന്നാണ് നേതാക്കൾ ചോദിക്കുന്നത്. അതേസമയം തന്റെ ഇളയ മകനും മുൻ നിസാമാബാദ് മേയറുമായ ധർമപുരി സഞ്ജയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടിയാണ് ശ്രിനീവാസിന്റെ മടക്കം എന്നും

ഇനി പാർട്ടിയിലേക്ക് അദ്ദേഹത്തെ സ്വീകരിക്കുകയാണെങ്കിൽ തന്നെ ശ്രീനിവാസയ്ക്ക് സുപ്രധാന ചുമതലകൾ നൽകരുതെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടെ അദ്ദേഹത്തിനെ ഉൾപ്പെടുത്തരുതെന്നും നേതാക്കൾ പറയുന്നു. എന്തായാലും ശ്രീനിവാസയുടെ മടക്കത്തിന് ഹൈക്കമാന്റ് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.












Click it and Unblock the Notifications