ശിവസേന എതിര്‍ക്കും, ബിജെപി പരീക്ഷ പാസാകുമോ വീഴുമോ?
മുംബൈ: വിശ്വാസവോട്ട് തേടുന്ന ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെ എതിര്‍ക്കുമെന്ന് ശിവസേന നയം വ്യക്തമാക്കി. വിശ്വാസവോട്ടിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എം എല്‍ മാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് മുംബൈയില്‍ റിപ്പോര്‍ട്ടുകള്‍. ശിവസേന പാലം വലിച്ചാലും ബി ജെ പി സര്‍ക്കാര്‍ പരീക്ഷ പാസാകുമോ അതോ ഒരു മാസം പോലും തികയ്ക്കാതെ വീഴുമോ എന്നറിയാനാണ് മഹാരാഷ്ട്ര കാത്തിരിക്കുന്നത്.
ശിവസേനയുടെ പിന്തുണ ഇല്ലെങ്കിലും ബി ജെ പിക്ക് പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല. ബി ജെ പി സര്‍ക്കാരിനെ പിന്തുണക്കാന്‍ തയ്യാറാണ് എന്ന് എന്‍ സി പി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ സി പി അനുകൂലമായി വോട്ട് ചെയ്താലും വോട്ടിംഗില്‍ നിന്നും വിട്ടുനിന്നാലും ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ രക്ഷപ്പെടും. 288 അംഗ സഭയില്‍ ബി ജെപിക്ക് 121 ഉം എന്‍ സി പിക്ക് 41 ഉം എം എല്‍ എമാരുണ്ട്. സ്വതന്ത്രര്‍ അടക്കം മറ്റ് 9 എം എല്‍ എമാരുടെ പിന്തുണയും ബി ജെ പിക്ക് ഉണ്ട്.

എന്‍ സി പി പിന്തുണയോടെ വിശ്വാസവോട്ട് ജയിക്കാന്‍ നോക്കുന്നു എന്നാണ് സേന ബി ജെ പിയെ കുറ്റപ്പെടുത്തുന്നത്. മഹാരാഷ്ട്രയെ കട്ടുമുടിച്ച എലികള്‍ എന്നാണ് മുഖപത്രമായ സാമ്‌നയിലൂടെ സേന എന്‍ സി പിയെ വിളിക്കുന്നത്. കഴുത്തോളം അഴിമതിയില്‍ മുങ്ങിയ എന്‍ സി പിയുടെ സഹായത്തോടെ ബി ജെ പി സര്‍ക്കാരിനെ രക്ഷിക്കുമോ - ശിവസേന അത്ഭുതപ്പെടുന്നു.
സര്‍ക്കാരിനെ എതിര്‍ക്കും എന്ന് മാത്രമല്ല, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നീ സ്ഥാനത്തിന് അവകാശവാദമുന്നയിക്കുകയും ചെയ്തിട്ടുണ്ട് സേന. സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കോണ്‍ഗ്രസ്, സേന നേതാക്കളെ കണ്ട് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹരിബാവു ബാഗ്‌ഡെയാണ് ബി ജെ പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി.












Click it and Unblock the Notifications