ടിഎസ് രാജു അന്തരിച്ചെന്ന് വ്യാജ പ്രചരണം: പ്രതികരിച്ച് നടന്‍, രാവിലെ മുതല്‍ ഫോണിന് വിശ്രമമില്ല
തിരുവനന്തപുരം: പ്രമുഖ സിനിമ-സീരിയല്‍ നടന്‍ ടിഎസ് രാജു അന്തരിച്ചെന്ന തരത്തില്‍ വ്യാജ പ്രചരണം. അജു വർഗീസ് ഉള്‍പ്പടേയുള്ളവർ സോഷ്യല്‍ മീഡിയയില്‍ ടിഎസ് രാജുവിന് ആദരാഞ്ജലികള്‍ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു. സമാനമായ രീതിയില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ഫേസ്ബുക്കില്‍ കുറിപ്പിട്ടു. നടന്‍ ടിഎസ് രാജു അന്തരിച്ചതായുള്ള വാർത്തകള്‍ ചില മാധ്യമങ്ങളും പ്രസിദ്ധീരിച്ചു.
ഇതോടെ പ്രതികരണവുമായി താരത്തിന് തന്നെ നേരിട്ട് രംഗത്ത് എത്തേണ്ടി വന്നു. താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് എന്ന് അറിയില്ല. ഞാൻ ഇവിടെ വീട്ടിലുണ്ട്. വെളുപ്പിന് ആറുമണിമുതൽ ഫോണിന് റെസ്റ്റില്ലെന്നും അദ്ദേഹം പറഞ്ഞതായി സമയം മലയാളം റിപ്പോർട്ട് ചെയ്യുന്നു.

ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമെന്ന് വ്യക്തമാക്കി പ്രമുഖ നടനും നിർമാതാവുമായ ദിനേശ് പണിക്കരും രംഗത്ത് വന്നു. വാർത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോർ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും ടിഎസ് രാജു അദ്ദേഹം പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പണിക്കർ പറഞ്ഞു. ഇതോടെ പ്രമുഖ മാധ്യമങ്ങളെല്ലാം വാർത്ത പിന്‍വലിച്ചു. അജു വർഗീസും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും തങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
മലയാള സിനിമാ, സീരിയൽ മേഖലകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അദ്ദേഹം. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലെ ടി എസ് രാജുവിന്റെ സർക്കസ് മാനേജരുടെ വേഷമാണ് അദ്ദേഹത്തിന് വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.
നാടകങ്ങളിലൂടെയാണ് ടി എസ് രാജു തന്റെ അഭിനയജീവിതം തുടരുന്നത്. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നാടകങ്ങൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിൽ ടി എസ് രാജു അവതരിപ്പിച്ച മാർക്കോസ് എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. ദേവീമാഹാത്മ്യം സീരിയലിലെ വില്ലൻവേഷം പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. പ്രജാപതി, നഗരപുരാണം, അച്ഛനുറങ്ങാത്ത വീട് തുടങ്ങി അമ്പതോളം സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications