തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും
കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷയായി തുളു അംഗീകരിച്ചു. മംഗളൂരുവില്‍ ചേര്‍ന്ന കര്‍ണാടക സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഇക്കാര്യം പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ സര്‍ക്കാര്‍ രേഖകളില്‍ ഇനി തുളു ഉപയോഗിക്കും. ഏറെ കാലമായി നിലനില്‍ക്കുന്ന ആവശ്യത്തിനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
സാധാരണ ബെംഗളൂരുവിലാണ് മന്ത്രിസഭാ യോഗം ചേരുക. ഇത്തവണ യോഗം ചേര്‍ന്നത് മംഗളൂരുവിലെ പ്രജാ സൗധയിലാണ്. കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ണാടകയിലെ തീര മേഖലയിലും ഉപയോഗിക്കുന്ന ദ്രവീഡിയന്‍ ഭാഷയാണ് തുളു. മേഖലയുടെ സാംസ്‌കാരിക സ്വത്വം ഉയര്‍ത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഞ്ച് പ്രധാന ദ്രവീഡിയന്‍ ഭാഷകളില്‍ ഒന്നാണ് തുളു. ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കണം എന്ന ആവശ്യം ശക്തമായ വേളയില്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ചിരുന്നു. ഇവരുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. ഡോ. എം മോഹന്‍ ആല്‍വയുടെ നേതൃത്വത്തിലുള്ള സമിതി 2023ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
മോഹന്‍ ആല്‍വ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനം എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും തുളു ഔദ്യോഗിക ഭാഷയായി ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കും. പുത്തൂര്‍ എംഎല്‍എ അശോക് റായ് തുളു ഔദ്യോഗിക ഭാഷയാക്കണം എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന കാര്യവും ഡികെ ശിവകുമാര്‍ എടുത്തു പറഞ്ഞു.
തുളു ഭാഷയുടെ പ്രോല്‍സാഹനത്തിന് വേണ്ടി പ്രതിവര്‍ഷം 82 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ രേഖകളില്‍ തുളു പരിഭാഷ കൂടി ഉള്‍പ്പെടുത്താനാണ് ഈ തുക ചെലവഴിക്കുക. അതേസമയം, ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നാക്കി മാറ്റണം എന്ന ആവശ്യവും ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാന്‍ തീരുമാനിച്ചു. ജനാഭിപ്രായം പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ പ്രധാന നഗരമാണ് മംഗളൂരു. ജില്ലയ്ക്ക് ഈ നഗരത്തിന്റേ പേര് വരണം എന്ന് ഏറെ കാലമായുള്ള ആവശ്യമാണ്.


Click it and Unblock the Notifications
