അതിര്‍ത്തിയില്‍ ദുരൂഹ തുരങ്കം; കറാച്ചി മാര്‍ക്കുള്ള ചാക്കുകള്‍, സൈന്യം തിരച്ചില്‍ തുടങ്ങി
ശ്രീനഗര്‍: പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനും ആയുധ കടത്തിനും ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ അതിര്‍ത്തി വേലിക്കടുത്താണ് തുരങ്കം. തുടര്‍ന്ന് മേഖലയില്‍ ഇനിയും തുരങ്കങ്ങളുണ്ടാകാമെന്ന സംശയത്തില്‍ സൈന്യം വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. സുരക്ഷ ശക്തമാക്കാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ അതിര്‍ത്തി വേലിയില്‍ നിന്ന് 50 മീറ്റര്‍ അകലത്തിലാണ് തുരങ്കം കണ്ടെത്തിയത്. സാംബ സെക്ടറില്‍ ബിഎസ്എഫ് ജവാന്‍മാര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് തുരങ്കം ശ്രദ്ധയില്‍പ്പെട്ടത്. വിശദമായ പരിശോധന നടത്തിയപ്പോള്‍ മണല്‍ നിറച്ച പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തി. ഇതില്‍ കറാച്ചിയില്‍ നിന്നുള്ള മുദ്രയുണ്ടായിരുന്നു. പേരും മറ്റും വ്യക്തമായി കാണുന്നതിനാല്‍ ചാക്ക് അടുത്തിടെ നിര്‍മിച്ചതാണെന്ന് സംശയിക്കുന്നു.
25 മീറ്റര്‍ ആഴത്തിലാണ് തുരങ്കം കടന്നുപോകുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും കടത്താന്‍ നിര്‍മിച്ചതാണിതെന്ന് സംശയിക്കുന്നു. 10 പ്ലാസ്റ്റിക് ബാഗുകളാണ് തുരങ്ക മുഖത്ത് നിന്ന് ലഭിച്ചത്. എല്ലാത്തിലും കറാച്ചിയിലെ മാര്‍ക്കുണ്ടായിരുന്നു. കൂടാതെ ശകര്‍ഗഡിലെയും. തുരങ്കത്തിന്റെ അറ്റത്തിന് നിന്ന് 400 മീറ്റര്‍ അകലെയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കാവല്‍പുരയുള്ളത്.
Recommended Video
പഞ്ചാബിലെ പാകിസ്താന്‍ അതിര്‍ത്തിയില്‍ അടുത്തിടെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും അഞ്ച് പേരെ വധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ നിര്‍ദേശിച്ചത്. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ജമ്മു മേഖലകളിലായുള്ള അതിര്‍ത്തിയിലാണ് പരിശോധന നടക്കുന്നത്. അതിര്‍ത്തി കടന്ന് പാകിസ്താനില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് കടക്കുന്നുവെന്ന വിവരം സൈനികര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ സൈന്യം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications