ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്ക് രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും അയക്കാൻ ഇന്ത്യ
പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് ടീമുകൾ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് പോകാൻ തയ്യാറാണ്

ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച തുർക്കിക്ക് സഹായവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെത്തുടർന്ന് ഭൂകമ്പ ബാധിത തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേന, മെഡിക്കൽ ടീമുകൾ, ദുരിതാശ്വാസ സാമഗ്രികൾ എന്നിവയെ അടിയന്തരമായി അയക്കാൻ സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചു.
അടിയന്തര ദുരിതാശ്വാസ നടപടികൾ ചർച്ച ചെയ്യാൻ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര സൗത്ത് ബ്ലോക്കിൽ ഒരു യോഗം ചേർന്നു, ഈ യോഗത്തിൽ തീരുമാനമെടുത്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് ടീമുകൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി ഭൂകമ്പ ബാധിത പ്രദേശത്തേക്ക് പോകാൻ തയ്യാറാണ്.
പരിശീലനം സിദ്ധിച്ച ഡോക്ടർമാരുമായും പാരാമെഡിക്കുകളുമായും അവശ്യ മരുന്നുകളുമായി മെഡിക്കൽ ടീമുകളും തയ്യാറാണ്.
തുർക്കി സർക്കാരും അങ്കാറയിലെ ഇന്ത്യൻ എംബസിയും ഇസ്താംബൂളിലെ കോൺസുലേറ്റ് ജനറൽ ഓഫീസും ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികൾ അയയ്‌ക്കും. ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര, പ്രതിരോധം, വിദേശകാര്യം, സിവിൽ ഏവിയേഷൻ, ആരോഗ്യം, കുടുംബക്ഷേമം എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികളും എൻഡിഎംഎയും എൻഡിആർഎഫും യോഗത്തിൽ പങ്കെടുത്തതായി പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക സമയം പുലർച്ചെ 4.17ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്ന് തുർക്കിയുടെ ദുരന്ത നിവാരണ എജൻസിയായ അഫാഡ് വ്യക്തമാക്കി.
ആദ്യ ഭൂകമ്പം ഉണ്ടായി 15 മിനിറ്റിന് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനം ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. സിറിയൻ അതിർത്തിയിലുള്ള തുർക്കിയുടെ പ്രധാന വ്യവസായ കേന്ദ്രമാണ് ഗാസിയാൻടേപ്. നിരവധി കെട്ടിടങ്ങൾക്കടക്കം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. അയൽരാജ്യങ്ങളായ സിറിയ, ലെബനോൻ, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.
അതേസമയം ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications