സഹനടന്റെ മരണം; പ്രമുഖ സീരിയല്‍ നടിയെ പോലീസ് അറസ്റ്റ് ചെയ്തതെന്തിന്?
ഭുവനേശ്വര്‍: പ്രമുഖ ടി വി സീരിയല്‍ നടിയായ പ്രലിപ്ത പ്രിയദര്‍ശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ജെസ്സി എന്ന പേരിലാണ് പ്രലിപ്ത പ്രിയദര്‍ശിനി അറിയപ്പെടുന്നത്. പ്രലിപ്തയുടെ സഹതാരമായിരുന്ന രാജ എന്ന രഞ്ജിത് പട്‌നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബാലസോര്‍ ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ നടിയ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
രഞ്ജിത് പട്‌നായിക്ക് ആത്മഹത്യ ചെയ്യുകയായിരുന്നു. കരിയറിലെ പരാജയവും അഭിനയരംഗത്ത് അവസരങ്ങള്‍ കുറഞ്ഞതുമാണ് രാജ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ എന്നാണ് പോലീസ് കരുതുന്നത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് പ്രലിപ്ത പ്രിയദര്‍ശിനി രാജയെ കളിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടത്രെ. ഇതാണ് രാജയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് പ്രലിപ്തയ്‌ക്കെതിരായ ആരോപണം.

ഫെബ്രുവരി ആറാം തീയതി പ്രലിപ്ത ഒരു സ്റ്റേജ് പരിപാടിക്ക് പോയപ്പോള്‍ രാജയെയും കൂടെ കൂട്ടിയിരുന്നു. അന്ന് സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കേണ്ട ചന്ദന്‍ എത്താത്തത് കൊണ്ട് രാജ പരിപാടി അവതരിപ്പിച്ചു. സംഘാടകര്‍ രാജയ്ക്ക് രണ്ടായിരം രൂപയാണത്രെ പ്രതിഫലം നല്‍കിയത്. അതേസമയം പ്രലിപ്തയ്ക്ക് 27000 രൂപയാണ് കിട്ടിയത്. തിരിച്ചുപോകുമ്പോള്‍ ഇക്കാര്യം പറഞ്ഞ് പ്രലിപ്ത രാജയെ കളിയാക്കിയത്രെ.
ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട രാജ ഒരു പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. രാജയുടെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് പ്രലിപ്തയ്‌ക്കെതിരെ കേസെടുത്തത്. ആറംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ജെസ്സിയെ നുണപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് ബലസോര്‍ എസ് പി നിതി ശേഖര്‍ പറഞ്ഞു.












Click it and Unblock the Notifications